തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ഇടത് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് ഭരണ പരിഷ്‌കാര ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തനിക്ക് വിയോജിപ്പാണെന്ന് വി എസ് വ്യക്തമാക്കി. കുറ്റവാളികളെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിപ്പുണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്ന് മറുപടി നല്‍കുകയായിരുന്നു വി എസ് അച്ച്യുതാനന്ദന്‍.
ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാൻ സർക്കാർ തയാറാക്കിയ പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടത് വിവാദമായിരുന്നു. കേരള പിറവിയുടെ അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ തയ്യാറാക്കിയ പ്രതികളുടെ പട്ടികയില്‍ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരടക്കം 1850 തടവുകാരാണ് പട്ടികയിലുള്ളത്.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്‍, കുപ്രസിദ്ധമായ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരെ ആഡംബര കാറിടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാം, ഗുണ്ടാനേതാവ് ഓംപ്രകാശ് എന്നിവരും പട്ടികയിലുണ്ട്.
Discussion about this post