ഡല്‍ഹി: മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച വാദം മെയ് 11 മുതല്‍ 19 വരെ നടക്കുമെന്നും കോടതി വ്യക്തമാക്കി.
വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ? മുത്തലാഖും ബഹുഭാര്യത്വവും മറ്റും 25-ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കുന്ന സംഗതികളാണോ? മതസ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുമുള്ള വകുപ്പുകള്‍ക്കും വിധേയമാണോ? മുത്തലാഖും ബഹുഭാര്യത്വവും മറ്റും ഇന്ത്യയുടെ രാജ്യാന്തര ധാരണകളുമായി ഒത്തുപോകുന്നതാണോ എന്നിങ്ങനെ നാലു ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
മൗലീകാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് ഭരണഘടനയുടെ 13-ാം വകുപ്പ് പറയുന്നുണ്ട്. ഇത് പ്രകാരം മുത്തലാഖ് വിഷയം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള കക്ഷികളോട് നിലപാടുകള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കോടതി സ്വമേധയാ എടുത്ത പൊതുതാല്‍പര്യ ഹര്‍ജിയും വിവിധ സംഘടനകളുടെയും ഏതാനും മുസ്ലിം സ്ത്രീകളുടെയും ഹര്‍ജികളുമാണ് പരിഗണനയിലുള്ളത്.
വിഷയത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും മറ്റ് മുസ്ലിം സംഘടനകളും അടക്കമുള്ള ഹര്‍ജികളിലാണ് കോടതി വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 16ന് കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. മുസ്ലിം വ്യക്തിനിയമത്തില്‍ ഇടപെടരുതെന്നും അത്തരത്തില്‍ മറ്റു രാജ്യങ്ങളിലൊന്നു ഉദാഹരണങ്ങളില്ലെന്നും മാര്‍ച്ച് 27ന് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
Discussion about this post