തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മൂന്നു ദിവസം മുമ്പാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കണം. 25 വര്‍ഷമാണ് പ്രവൃത്തി പരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് പാലിക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു.
മികച്ച പ്രതിഛായയുള്ള ഉദ്യോഗസ്ഥനെന്ന് പേരുള്ള എസ്.എം വിജയാനന്ദ് ചീഫ് സെക്രട്ടറിയായി വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ എന്തെങ്കിലും ചുമതല നല്‍കിയേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കവേയാണ് ജേക്കബ് തോമസിന്റെ തിടുക്കത്തിലുള്ള ഈ കത്ത് എന്നതും ശ്രദ്ധേയം. അതിനിടെ ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുമ്പ് എസ്.എം വിജയാനന്ദ് എ.ജിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കി. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന റിപ്പോര്‍ട്ടും തമിഴ്നാട്ടില്‍ സ്വത്തുള്ള വിവരം മറച്ചുവെച്ചു എന്ന ആക്ഷേപവും അടങ്ങുന്നതാണ് റിപ്പോര്‍ട്ടിലുണ്ട്. മൂന്നു ആരോപണങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് സ്ഥാനമൊഴിയുന്നതിന് മുമ്പ് എജിക്ക് നല്‍കിയത്. ജേക്കബ് തോമസിനെതിരായ കേസില്‍ ഹാജരാകുന്നതിനായി എജി ചീഫ് സെക്രട്ടറിയോട് ഇക്കാര്യങ്ങളില്‍ റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.
2013-14 കാലത്ത് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ധനകാര്യ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിന്റെ റിപ്പോര്‍ട്ടും ഇതോടൊപ്പം എജിക്ക് കൈമാറിയിട്ടുണ്ട്. വസ്തുതകള്‍ അതേപടി അറിയിച്ചെന്ന് വിജയാനന്ദ് പ്രതികരിച്ചു.
Discussion about this post