ലോകത്തെ നാലാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാംസ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യം ആണ് ഈ കാര്യം വ്യക്തമാക്കിയത്. ആഗോള സാമ്പത്തിക അന്തരീക്ഷം ഇന്ത്യയ്ക്ക് അനുകൂലമായി തുടരുന്നു, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് നമ്മൾ’ എന്ന് നീതി ആയോഗിന്റെ 10-ാമത് ഭരണസമിതി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മൾ 4 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ഡാറ്റ ഉദ്ധരിച്ചാണ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യം ഈ കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ജപ്പാനേക്കാൾ വലുതായി മാറിയിരിക്കുന്നു എന്നാണ്. ഈ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു, ഇപ്പോൾ അമേരിക്ക, ചൈന, ജർമ്മനി എന്നീ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നമ്മുടെ പദ്ധതിയിൽ ഉറച്ചുനിന്നാൽ, അടുത്ത രണ്ടര മുതൽ മൂന്ന് വർഷത്തിനുള്ളിൽ, ജർമ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നമ്മൾ മാറുമെന്ന് സുബ്രഹ്‌മണ്യൻ പറഞ്ഞു.
2030ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി നേരത്തെ പ്രവചിരുന്നു. 2026-27ൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന(ജിഡിപി) വളർച്ച ഏഴു ശതമാനത്തിലേക്ക് എത്തുമെന്നും അവർ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2027-28ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്)യുടെ പ്രവചനം. മൂന്നു വർഷം കൊണ്ട് ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് 2023ൽ എസ്ആൻഡ്പി വിലയിരുത്തിയിരുന്നു. അവസരങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യ ആഗോള മാനുഫാക്ചറിങ് ഹബ്ബായി മാറുമോ എന്നത് വളർച്ചയിൽ നിർണായകമാണെന്നും എസ്ആൻഡ്പി പറഞ്ഞിരുന്നു.
Discussion about this post