ഡല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ യാദവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന തയാറാക്കാന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ സഹായിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. തന്റെ മന്ത്രാലയത്തില്‍ കഴിവുള്ളവര്‍ക്ക് ക്ഷാമമില്ലെന്നും പ്രാഗല്‍ഭ്യമുള്ള സെക്രട്ടറിമാര്‍ സഹായത്തിനുണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് മന്ത്രി മറുപടി നല്‍കിയത്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിന്റെ പ്രതികരണം.
മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ ശശി തരൂര്‍ ആണ് ലോക്‌സഭയില്‍ പ്രമേയമായി പാസാക്കാനുള്ള പ്രസ്താവന തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, അതിനുപിന്നാലെ ഇക്കാര്യത്തില്‍ പ്രസ്താവന തയാറാക്കാന്‍ തരൂരിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ സഹായം തേടിയ സാഹചര്യത്തില്‍, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെയാണ് പ്രസ്താവന തയാറാക്കാന്‍ തരൂര്‍ മുന്നിട്ടിറങ്ങിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതിയുടെ നടപടിയെ അപലപിക്കാനും ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തേടാനുമുള്ളതാണ് കേന്ദ്രത്തിന്റെ പ്രസ്താവന. എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന വിഷയമാണ് ഇതെന്ന് തരൂര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ നടപടി ഇന്ത്യയ്ക്കു മാത്രമുള്ള അപമാനല്ല. രാജ്യാന്തര നിയമങ്ങളുടെ ലംഘനവും അതിനോടുള്ള വെല്ലുവിളിയുമാണ് യാദവിനെ വധശിക്ഷയ്ക്കു വിധിച്ച നടപടിയെന്നും തരൂര്‍ പറഞ്ഞു.
Discussion about this post