കരിപ്പൂര്‍: അഫ്ഗാനിസ്ഥാനില്‍ നാംഗര്‍ഹാറിലെ ഐ.എസ്. തീവ്രവാദ ക്യാമ്പില്‍ കൂടുതല്‍ മലയാളികള്‍ പരിശീലനം നേടിയിരുന്നതായി സംശയം. നേരത്തെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കാണാതായ 22 പേര്‍ അഫ്ഗാനിസ്ഥാനിലെത്തിയതായാണ് കരുതിയിരുന്നത്.
എന്നാല്‍ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് അയച്ചിരിക്കുന്ന ഇന്‍സ്‌ററാഗ്രാം മെസ്സേജുകളില്‍ പലതും പുതിയ ഉറവിടങ്ങളില്‍ നിന്നാണ്. ഇതിനുപുറമെ എറണാകുളം, ഹരിപ്പാട് എന്നിവിടങ്ങളിലെ ചില കുടുംബങ്ങള്‍ക്ക് അഫ്ഗാനില്‍ നിന്നും പുതിയ സന്ദേശങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. അതേസമയം കാസര്‍കോട്ടുനിന്നും കണ്ണൂരില്‍നിന്നും ഐ.എസ്സില്‍ ചേര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് സ്ഥിരമായി സന്ദേശങ്ങള്‍ ലഭിച്ചിരുന്ന കേന്ദ്രങ്ങളില്‍ നിന്ന് പുതിയ സന്ദേശങ്ങള്‍ ലഭിച്ചിട്ടുമില്ല. കാസര്‍കോട് സ്വദേശി ടി.കെ. മുര്‍ഷിദ് കൊല്ലപ്പെട്ടതായി കാണിക്കുന്ന സന്ദേശവും പുതിയ കേന്ദ്രത്തില്‍ നിന്നാണ് ലഭ്യമായിരിക്കുന്നത്. അഫ്ഗാനിലെ നാംഗര്‍സഹാര്‍ മേഖലയില്‍ 2016 ഫെബ്രുവരിക്കുശേഷമാണ് ഐ.എസ് താവളമുറപ്പിച്ചിരിക്കുന്നത്. ഇതേവര്‍ഷം ജൂണിലാണ് 22 മലയാളികള്‍ നാംഗര്‍ഹാറില്‍ എത്തുന്നത്. ഇക്കാലത്ത് ആക്രമണങ്ങളെ ചെറുക്കാന്‍ ഐ.എസ് സ്ഥാപിച്ച ഭൂഗര്‍ഭ അറകളാണ് അമേരിക്കന്‍ ആക്രമണത്തില്‍ നിശ്ശേഷം തകര്‍ന്നിരിക്കുന്നത്. ഐ.എസ് സിരാകേന്ദ്രമായിരുന്ന ഇവിടെയാണ് മലയാളികളും ഉണ്ടായിരുന്നതെന്നാണ് ലഭ്യമായിരിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ ഇവര്‍ക്ക് നേരിട്ടിരിക്കുന്ന ദുരന്തം വളരെ വലുതായിരിക്കും. എന്നാല്‍ പിന്നീട് ഐ.എസ് ക്യാമ്പിലെത്തിയ മലയാളികള്‍ ഇവിടെ താമസിക്കാന്‍ സാധ്യതകുറവാണ്. ദുരന്തം ലഘുവായി കാണിക്കാന്‍ പുതുതായി എത്തിയവര്‍ അയയ്ക്കുന്ന സന്ദേശമാണോ ഇപ്പോള്‍ പ്രചരിക്കുന്നതെന്ന സംശയമാണ് ഉയരുന്നത്. ഇതേത്തുടര്‍ന്ന് ഗള്‍ഫില്‍നിന്ന് കാണാതായവരുടെ വിവരങ്ങള്‍ എന്‍.ഐ.എ തേടാനാരംഭിച്ചിട്ടുണ്ട്.
അതേസമയം നേരത്തേ ഐ.എസില്‍ച്ചേര്‍ന്ന് അഫ്ഗാനിലെത്തിയവരുടെ ബന്ധുക്കളില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി വിവരങ്ങള്‍ ശേഖരിച്ചു. എന്‍.ഐ.എയുടെ പ്രത്യകസംഘം അടുത്തദിവസംതന്നെ അഫ്ഗാനിലേക്ക് തിരിക്കുന്നുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post