തിരുവനന്തപുരം: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കമല്‍ സി ചവറയ്ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അതേസമയം കോഴിക്കോട്ടെ നാദീറിനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. സംസ്ഥാനത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
2002 മുതല്‍ യുഎപിഎ ചുമത്തപ്പെട്ട 162 കേസുകളാണ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിജിപി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിച്ചത്. യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ 42 കേസുകളില്‍ കോടതിയില്‍ വകുപ്പ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ഡിജിപി തന്നെ വിമര്‍ശിച്ച സാഹചര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പൊലീസിനെ കുറ്റപ്പെടുത്തി. പൊലീസ് ജാഗ്രതയോടെ മാത്രമെ യുഎപിഎ കേസുകളില്‍ ഇടപെടാവു. നാട്ടിന്‍പുറത്തെ എസ്ഐമാര്‍ക്ക് ചുമത്താനുളള വകുപ്പല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
ആറളം ഫാമില്‍ ആദിവാസികളെ ഭീഷണിപെടുത്തി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തെന്ന കേസിലാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദീറിനെതിരെ യുഎപിഎ ചുമത്തിയത്. കേസിലെ നാലാംപ്രതിയാണ് നദീര്‍. കണ്ണൂര്‍ ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നദീറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. 2016 മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കുചൂണ്ടി ഭീഷണിപെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്നാണ് കേസ്. മാര്‍ച്ച് 16ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ നദീറിനെ പ്രതി ചേര്‍ത്തിരുന്നില്ല. 2016 ഡിസംബര്‍ 19ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിറ്റെ ദിവസം തന്നെ നദീറിനെ പോലീസ് വിട്ടയച്ചു. നദീറിനെതിരെ യാതൊരു തെളിവുകളുമില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റയും മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിന്നീട് ഡിജിപിയുടെ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായാണ് പൊലീസ് നദീറിനെതിരെ യുഎപിഎ ചുമത്തി കോടതിയില്‍ മറുപടി നല്കിയതും.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായിരുന്നു. യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ മറുപടിയും. തുടര്‍ന്നും യുഎപിഎ കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് എന്നിവരുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. പിന്നാലെ പൊലീസിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശവുമെത്തി. യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഒരു കേസിലും യുഎപിഎ ചുമത്തരുതെന്നു ഡിജിപിയും പൊലീസ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഡിജിപിയെ ഇതിനായി നിയോഗിച്ചതും.
Discussion about this post