മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ അനധികൃതമായി ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച ടോം സക്കറിയയെ ന്യായീകരിച്ച് മന്ത്രി എംഎം മണി. ടോം സക്കറിയ പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് എംഎം മണി പറഞ്ഞു. താന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന പെമ്പിളെ ഒരുമൈ പ്രവര്‍ത്തകരോട് സമരം നിര്‍ത്താന്‍ ആവശ്യപ്പെടില്ലെന്നും മണി പറഞ്ഞു. തന്നോട് ചോദിച്ചിട്ടില്ല സമരം അവര്‍ ആരംഭിച്ചതെന്നും തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് താന്‍ ഖേദപ്രകടനം നടത്തിയതെന്നും മണി പറഞ്ഞു.
മന്ത്രി മണി നേരിട്ട് വന്ന് മാപ്പ് പറയാതെ റോഡില്‍ നിന്ന് മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍. തങ്ങള്‍ ബോണസിന് വേണ്ടിയാണ് സമരം ചെയ്തതെന്നും തങ്ങളെ വേശ്യകളായി ചിത്രീകരിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരക്കാര്‍ പറഞ്ഞു. പൊമ്പളൈ ഒരുമൈ സമരനേതാവ് ഗോമതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ മൂന്നാര്‍ ടൗണിലൂടെ പ്രകടനം നടത്തി.
റോഡില്‍ കുത്തിയിരുന്നതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ സ്ഥലത്ത് പൊലീസ് എത്തിച്ചേര്‍ന്നു. അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിന് വഴി വെച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സമരക്കാരെ റോഡരികിലേക്ക് മാറ്റി ഗതാഗതപ്രശ്നം പൊലീസ് പരിഹരിച്ചു. മന്ത്രി നേരിട്ട് വരാതെ മാറില്ലെന്ന് പ്രഖ്യാപിച്ച സമരക്കാരെ വനിതാപൊലീസിന്റെ അകമ്പടിയോടെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പൊമ്പളൈ ഒരുമൈ സമരകാലത്ത് സകല വൃത്തികേടുകളും നടന്നെന്നായിരുന്നു എംഎം മണിയുടെ വിവാദ പരാമര്‍ശം.
Discussion about this post