കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. ടിപിയുടെ കൊലപാതകവുമായി അന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനു ബന്ധമുണ്ടെന്ന ആരോപണവുമായി ഭാര്യ കെ.കെ. രമ രംഗത്ത്. ഇതു തെളിയിക്കുന്ന ചില രേഖകള്‍ അന്വേഷണ സംഘത്തിന്റെ കൈകളിലുണ്ടെന്നും രമ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുപഖത്തില് പറഞ്ഞു.
മാത്രമല്ല പിണറായി വിജയന് അടക്കമുള്ള സി.പി.എം. നേതാക്കള്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പേരെടുത്തു പറഞ്ഞ് കെ.കെ. രമ ആരോപണം ഉന്നയിക്കുന്നത് ആദ്യമായാണ്. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും രമ ആരോപിച്ചു. ജയരാജന്റെ കാറിലാണ് കൊലയാളി സംഘത്തെ രക്ഷപ്പെടുത്തിയത്. കൊടി സുനി അടക്കമുള്ളവര്‍ക്ക് ഒളിത്താവളമൊരുക്കിയതു കണ്ണൂര്‍ ജില്ലയിലെ സി.പി.എം. നേതൃത്വമാണ്. രണ്ടു ജില്ലകളിലെ സി.പി.എം. പ്രവര്‍ത്തകര്‍ ചേര്‍ന്നു നടത്തിയ കൊലപാതകത്തിന്റെ ഏകോപനം കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് നിര്‍വഹിച്ചത്. ഇക്കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുവരുമെന്ന പ്രതീക്ഷ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമ പറഞ്ഞു.
കോഴിക്കോട് സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്ത് ടി.പിയെ വധിക്കാനുള്ള ഗൂഢാലോചനകള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണമടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പി. ജയരാജന് അന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുമതിയില്ലാതെ ഈ കൊലപാതകം ആസൂത്രണം ചെയ്യില്ലെന്ന് രമ പറഞ്ഞു. അന്വേഷണം സത്യസന്ധമായി മുന്നോട്ടു നീങ്ങിയാല്‍ സി.പി.എമ്മിലെ ഉന്നതരായ ഈ നേതാക്കളൊക്കെ കുടുങ്ങും. ഗൂഢാലോചനയെക്കുറിച്ച് എന്‍. ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായകമായ പല തെളിവുകളും ലഭിച്ചത്. ഇതില്‍ കോള്‍ ഡീെറ്റയില്സ് റിപ്പോര്‍ട്ടിന്റെ സര്‍ട്ടിഫൈഡ് കോപ്പി ലഭിക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണ്. ടെലിഫോണ്‍ രേഖകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്നും രമ ആരോപിച്ചു. സര്‍ക്കാര്‍ വേട്ടക്കാരന്റെ കൂടെയാണ്. ഇരകള്‍ക്കു നീതി ലഭിക്കില്ല. രാഷ്ട്രീയ ഒത്തുതീര്‍പ്പുകളില്‍ ടി.പി. കേസ് മുങ്ങിപ്പോയിരിക്കുന്നു. ഇവിടെ അധികാരവും പണമുള്ളവര്‍ക്കു മാത്രമേ നീതി ലഭിക്കൂവന്നും അതിനാല്‍ ടി.പി. കേസില്‍ ഇനി നീതി ലഭിക്കുമെന്ന വിശ്വാസമില്ലെന്നും രമ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ജനം നീതി നടപ്പാക്കുമെന്നും അവര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post