ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വീണ്ടും കലാക്രമണം. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് ഇന്നലെ രാത്രി ശക്തമായ തിരമാല റോഡിലേക്ക് ഇരച്ചു കയറിയത്. മണൽ അടിഞ്ഞു കൂടിയതിനെ തുടർന്ന് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു.
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് അധികൃതർ നൽകിയ മുന്നറിയിപ്പ് തുടരുകയാണ്. ഇതിനിടെയാണ് തൃക്കുന്നപ്പുഴയിൽ കടലാക്രമണം ഉണ്ടായത്. ബസ് സർവ്വീസ് ഉൾപ്പെടെ കടന്നു പോകുന്ന പ്രധാന റോഡിലേക്കാണ് തിര അടിച്ചു കയറിയത്. മണൽ അടിഞ്ഞതിനെ തുടർന്ന് ബസ് സർവ്വീസ് ഉൾപ്പെടെ തടസ്സപ്പെട്ടു. മണൽ കോരി മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം കേരള തീരത്ത് ഇന്നും ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്നര വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥാനത്ത് സൂക്ഷിക്കണം. ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചു.
Discussion about this post