തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. വിഷയത്തിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹർജി നൽകിയത്.
തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയിരിക്കുന്നത്. സിഎംആർഎൽ എന്ന സ്വകാര്യ കരിമണൽ കമ്പനിയ്ക്ക് ധാതുമണൽ ഖനനത്തിനായി സഹായം നൽകുകയും, ഇതിന് പ്രതിഫലമെന്നോണം വൻ തുക മുഖ്യമന്ത്രിയുടെ മകൾക്ക് കമ്പനി നൽകിയെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാൽ കരിമണൽ കമ്പനിയെ സർക്കാർ സഹായിച്ചു എന്നതിന് തെളിവില്ലെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. മാത്യു കുഴൽനാടൻ സമർപ്പിച്ച രേഖകളിലും വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.
Discussion about this post