തിരുവനന്തപുരം: ദേവികുളത്തെ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍റേത് വ്യാജ പട്ടയം. നിയമസഭയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. പിസി ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പട്ടയ നമ്പര്‍ തിരുത്തണമെന്ന രാജേന്ദ്രന്റെ അപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിരസിച്ചിരുന്നതായും മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
മൂന്നാറിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എഡിജിപി രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. രേഖകളിലെ സര്‍വ്വെ നമ്പുറുകള്‍ മാറിപ്പോയതാണെന്നും ഇത് തിരുത്തിക്കിട്ടണമെന്നും കാണിച്ച് നല്‍കിയ അപേക്ഷ ഇടുക്കി ജില്ലാ കളക്ടര്‍ തള്ളിയിരുന്നു. ഇതിനെതിരെ ലാന്റ് റവന്യു കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലും നിരസിച്ചിരുന്നതായി റവന്യൂ മന്ത്രി ഇന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
തനിക്ക് 2000-2003 കാലയളവില്‍ അന്നത്തെ എം.എല്‍.എ ആയ എ.കെ മണി അധ്യക്ഷനായ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി പട്ടയം നല്‍കിയെന്നായിരുന്നു രാജേന്ദ്രന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാലയളവില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി യോഗം പോലും ചേര്‍ന്നിട്ടുണ്ടായിരുന്നില്ലെന്ന വിവരാവകാശ രേഖയും പുറത്ത് വന്നിരുന്നു. മുന്‍പ്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്.രാജേന്ദ്രന്റെ കയ്യിലുള്ളത് കെ.എസ്.ഇ.ബിയുടെയും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ളതുമായ ഭൂമിയാണ് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post