ഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സൈന്യം കൃത്യമായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാക്കിസ്ഥാന്‍ സൈന്യത്തിന് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും.
ഇന്ത്യന്‍ സൈന്യം വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നതാണ്. ആവശ്യമായ സമയത്ത് മിന്നലാക്രമണം നടത്തിയത് മറക്കരുത്. മൃതദേഹം വികൃതമാക്കുന്നതു പോലുള്ള നടപടികള്‍ കാണുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനെയും പോലെ ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമര്‍പ്പിക്കുകയാണ്. അവര്‍ കൃത്യമായ നടപടിയെടുക്കും. എല്ലാത്തിനുമുപരി നമ്മള്‍ ഇന്ത്യന്‍ സൈന്യത്തെ വിശ്വസിക്കണംജയ്റ്റ്‌ലി പറഞ്ഞു.
പാക്കിസ്ഥാനെതിരെ ശക്തമായ നടപടിവേണമെന്ന ജനങ്ങളുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്താണോ സൈന്യം തീരുമാനിക്കുന്നത് അത് നടപ്പാക്കും. ഈ വിഷയത്തില്‍ തീരുമാനം സൈന്യത്തിന് വിട്ടുനല്‍കിയെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യേണ്ടതല്ല. സൈന്യം തീരുമാനിക്കും പ്രതിരോധ മന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചത്. റോക്കറ്റാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യം, കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു. ഭീകരരെ കൂട്ടുപിടിച്ചാണ് പാക്കിസ്ഥാന്റെ നടപടിയെന്ന് ബിഎസ്എഫ് ആരോപിച്ചിരുന്നു.
Discussion about this post