തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
25000 രുപ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാനാണ് പറഞ്ഞത്. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതിയില്‍ സര്‍ക്കാര്‍ മാപ്പുപറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുകമാത്രമാണ് ചെയ്തത്. ഇങ്ങനെ ഒരു ഹര്‍ജി നല്കാന് സര്‍ക്കാരിന് അവകാശമുണ്ട്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. സെന്‍കുമാറിനെ മാറ്റിയത് തക്കതായ കാരണമുള്ളതിനാലാണ്. സര്‍ക്കാരിന്റെ സാമാന്യബുദ്ധിക്ക് നിരക്കുന്ന കാര്യമാണ് ചെയ്തത്. ഇതില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ല. സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സംഭവിച്ചത്. കോടതി വിധിയോട് അരു ഘട്ടത്തിലും സര്‍ക്കാര്‍ അനാദരവ് കാട്ടിയിട്ടില്ല.
അതേസമയം സെന്‍കുമാര്‍ കേസിലെ വിധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. എന്നാല്‍ വിഷയം അടിയന്തര പ്രമേയത്തിന്റെ പരിധിയില്‍ വരില്ലെന്നും വിഷയം ഒരു തവണ ചര്‍ച്ച ചെയ്തതാണെന്നും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിബന്ധനകളോടെ നോട്ടീസിന് അനുമതി നല്കി.
സെന്‍കുമാറിനെ നിയമിക്കാനുള്ള ഉത്തരവ് പാലിക്കാതെ അതിനെ ചോദ്യം ചെയ്തതിന് സര്‍ക്കാരിനെതിരെ പിഴ ചുമത്തിയത് സംസ്ഥാനത്തിന് ആകെ അപമാനമാണെന്ന് വിഷയം ഉന്നയിച്ച പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യക്തതാവരുത്തല് ഹര്‍ജിയുമായി പോയി പിഴ വിധിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഇത് നാടിന് അപമാനമുണ്ടാക്കി. ഉപദേഷ്ടാക്കളെല്ലാം കൂടി ഉപദേശിച്ച് ഒരുവഴിക്കാക്കിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സര്‍ക്കാരിന് സുപ്രീം കോടതി പിഴയിടുന്നത് അപൂര്‍വ്വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോഴാണ് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Discussion about this post