ഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ക്കുവേണ്ടി ഇന്ത്യയില്‍ നിന്ന് കടത്തിയത് 7.5 കോടിരൂപ വിലയുടെ വേദന സംഹാരികള്‍. ഇത് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തു. 3.7 കോടി ട്രാമഡോള്‍ ഗുളികകളാണ് പിടിച്ചെടുത്തത്.
മൂന്ന് കണ്ടെയ്‌നറുകളിലായി സുരക്ഷിതമായി പായ്ക്കുചെയ്ത നിലയിലായിരുന്നു ഇവ. പുതപ്പ്, ഷാംപൂ എന്നിവയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ നിന്നാണ് ഇവ വന്നതെന്നാണ് ഇറ്റാലിയന്‍ പോലീസിന്റെ വിശദീകരണം. ഒരു ഇന്ത്യന്‍ കമ്പനി ദുബായില്‍ നിന്ന് അനധികൃതമായി വാങ്ങിയതാണ് മരുന്നുകളെന്ന് ഇറ്റാലിയന്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ഇവ ശ്രീലങ്കവഴിയാണ് എത്തിയതെന്നും ഇവ രണ്ട് ഡോളറിനാണ് ലിബിയയില്‍ വില്‍ക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഐ.എസ് ഭീകരര്‍ ധനസമാഹരണത്തിന് വേണ്ടിയോ ആക്രമണങ്ങളില്‍ പങ്കെടുക്കുന്ന തീവ്രവാദികള്‍ക്കുവേണ്ടിയോ ആകാം ഇവ ഇറക്കുമതി ചെയ്യുന്നതെന്നാണ് പ്രാഥമിക നിഗമനം.
നൈജീരിയയിലെ ബൊക്കൊ ഹറാം ഭീകരര്‍ ആക്രമണത്തിന് നിയോഗിക്കപ്പെടുന്ന ഭീകരര്‍ക്ക് ട്രാമഡോള്‍ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിശപ്പ്, ഭയം, ക്ഷീണം എന്നിവകയറ്റുന്നതിനായി ഐഎസ് ഭീകരര്‍ ക്യപ്റ്റഗോണ്‍ എന്ന മരുന്ന് നല്‍കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post