തിരുവനന്തപുരം: മൂന്നാറില്‍ കയേറ്റം ഒഴിപ്പിക്കുന്നതിനിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്വഴക്കം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴുള്ള നിയമ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സബ്കളക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, മൂന്നാര്‍ വിഷയത്തില്‍ കീഴ്വഴക്കം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് നിരോധനാജ്ഞ പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് നിയമവിരുദ്ധമായിരുന്നില്ല. 144 പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനും സബ് ജില്ലാ മജിസ്ട്രേറ്റിനും അധികാരമുണ്ട്. രണ്ട് മാസം വരെ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍, അതിന് ആഭ്യന്തരവകുപ്പുമായും സര്‍ക്കാറുമായും കൂടിയാലോചിക്കേണ്ട കീഴ്വഴക്കമുണ്ട്. മൂന്നാറില്‍ ഇതുണ്ടായില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വീഴ്ച വരുത്തിയത് സബ് കളക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്, ഇനി ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post