തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നിര്‍ദേശവും നല്കി. അക്രമം തടയണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയും പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറി.
കണ്ണൂര്‍ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ ഇടപെടല്‍. സമാധാന പ്രിയര്‍ക്ക് നല്ല സന്ദേശം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞു.
ജില്ലയില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്കുന്ന അഫ്സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചാണ് അഫ്സ്പ കേരളത്തിലേക്കും കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. കണ്ണൂരില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സമാധാന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും സിപിഐഎം അട്ടിമറിച്ചുവെന്നും രാജഗോപാല്‍ ആരോപിച്ചു.
കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വകവെയ്ക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്കുന്ന ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട്(അഫ്സ്പ) കേരളത്തിലേക്ക് ഇറക്കുമതി ചെയ്യണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഗവര്‍ണര്‍ അധികാരം ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് രാജ്ഭവനില്‍ ഒ രാജഗോപാല്‍ എംഎല്‍എ എത്തിയത്.
Discussion about this post