കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. കൊലപാതകികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയിരുന്നു.
ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് കഴിഞ്ഞദിവസം അക്രമികളുടെ വെട്ടേറ്റു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽനിന്നു ബൈക്കിൽ വരികയായിരുന്ന രാജേഷും ബിജുവും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഏഴുപേരിൽ നാലു പേരാണു ബിജുവിനെ ആക്രമിച്ചതെന്നാണു മൊഴി.
മറ്റൊരാൾ കൂടെയുണ്ടായിരുന്ന രാജേഷിനെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. മറ്റു രണ്ടുപേർ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിലൊരാൾ താൻ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലാക്കിയതോടെ മുഖം തുണികൊണ്ടു മറച്ചതായി രാജേഷ് മൊഴി നൽകിയിട്ടുണ്ട്. ഇയാളടക്കം സംഘത്തിലുണ്ടായിരുന്ന ചിലരെക്കുറിച്ചാണു പോലീസിനു വിവരം ലഭിച്ചത്.
ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണ്. സിസിടിവി കാമറ ദൃശ്യങ്ങളും, സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണ്‍ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ശിവവിക്രമത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിനാണ് അന്വേഷണ ചുമതല.
Leave a Comment