തിരുവനന്തപുരം: ലക്ഷദ്വീപിലെ എന്‍.സി.പി. നേതൃത്വവുമായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടന്ന ചര്‍ച്ചകളില്‍ ധാരണ. തുടക്കത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചശേഷം പിന്നീട് ഔദ്യോഗികമായി ലയിക്കുമെന്നുമാണ് സൂചന.
ചൊവ്വാഴ്ച വൈകീട്ട് അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ മുഹമ്മദ് ഫൈസല്‍ എം.പി., ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷന്‍ കെ.എം. അബ്ദുല്‍ മുത്തലിഫ് തുടങ്ങിയ എന്‍.സി.പി. നേതാക്കള്‍ പങ്കെടുത്തു. ലക്ഷദ്വീപില്‍ നിന്നുള്ള ഏക പാര്‍ലമെന്റംഗമാണ് മുഹമ്മദ് ഫൈസല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സെയ്ദ് മുഹമ്മദ് കോയക്ക് ലഭിച്ചത് വെറും 187 വോട്ടായിരുന്നു.
മുസ്ലിം വിഭാഗത്തിനു മഹാഭൂരിപക്ഷമുള്ള ദ്വീപില്‍ ബി.ജെ.പിക്ക് സംഘടനാപരമായി വന്‍മുന്നേറ്റം ലഭിക്കുന്ന നീക്കമാണ് അമിത് ഷാ നടത്തിയത്. മറ്റു നേതാക്കളെപ്പോലും അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മാത്രമറിഞ്ഞു നടത്തിയ നീക്കമാണിതെന്നാണ് വിവരം. ലക്ഷദ്വീപ് അഡ്മിനിസ്ട്രറ്ററായി വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന് ഫറൂഖ് ഖാനെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നിയമിച്ചത് എന്‍.സി.പി. ലക്ഷദ്വീപ് നേതൃത്വത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തായിരുന്നു. ദ്വീപിന്റെ വികസനത്തിന് എന്‍.സി.പി. നേതാക്കളും മുഹമ്മദ് ഫൈസല്‍ എം.പിയും മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. പ്രധാനമന്ത്രി ജനുവരിയില്‍ ലക്ഷദ്വീപിലെത്തും. ദ്വീപിനായി പ്രത്യേക കര്‍മപദ്ധതി പ്രഖ്യാപിക്കും. ലക്ഷദ്വീപിലെ വികസനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അഞ്ചുകേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തും. അവര്‍ രണ്ടുമാസത്തിലൊരിക്കല്‍ ദ്വീപിലെത്തും.
ഒരു ബി.ജെ.പി രാജ്യസഭാംഗത്തിന്റെ മുഴുവന്‍ എം.പിഫണ്ടും ലക്ഷദ്വീപ് വികസനത്തിനായി നീക്കിവെയ്ക്കും. കുടിവെള്ള ശുചീകരണപ്ലാന്റ്, പെട്രോള്‍ പമ്പുകള്‍, കവരത്തിയില്‍ കോളേജ്, ദ്വീപില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് ഡല്‍ഹിയിലെത്തി അതത് മന്ത്രാലയങ്ങളുമായി സംസാരിച്ചശേഷം തീരുമാനമെടുക്കാമെന്ന ഉറപ്പും അമിത് ഷാ നല്കി. ചൊവ്വാഴ്ച രാത്രി കവരത്തി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. എന്‍.സി.പി. ജനറല്‍ സെക്രട്ടറി ഹാഫീസ് ആസാദ്, ബി.ജെ.പി. ലക്ഷദ്വീപ് അധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, മുന്‍ അധ്യക്ഷന്‍ പി.പി. മുത്തുക്കോയ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 43,239 വോട്ടുകളില്‍ 21,665 വോട്ടുകള്‍ നേടിയാണ് മുഹമ്മദ് ഫൈസല്‍ ജയിച്ചത്. എതിരാളി കോണ്‍ഗ്രസിലെ മുഹമ്മദ് ഹബ്ദുള്ള സെയ്ദ് 20,130 വോട്ടുകളാണ് നേടിയത്. ബി.ജെ.പി. സ്ഥാനാര്‍ഥി സെയ്ദ് മുഹമ്മദ് കോയ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.43 ശതമാനം മാത്രേമ ലഭിച്ചുള്ളൂ.
Discussion about this post