തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍വ്വീസ് സ്റ്റോറിയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് റദ്ദാക്കി. പുസ്തക പ്രകാശനത്തിന് നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങില്‍ നിന്ന് അവസാന നിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് ചടങ്ങ് റദ്ദാക്കിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്താണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് കാണിച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെസി ജോസഫ് എംഎല്‍എ മുഖ്യമന്ത്രിക്ക് നേരത്ത കത്ത് നല്‍കിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു. ഔദ്യോഗിക രഹസ്യനിയമം ജേക്കബ് തോമസ് ലംഘിച്ചുവെന്നും കെ സി ജോസഫ് പറയുന്നു.
35 വര്‍ഷം നീണ്ട സര്‍വ്വീസിനിടയില്‍ താന്‍ നേരിട്ട രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ജേക്കബ് തോമസ് സര്‍വ്വീസ് സ്റ്റോറിയില്‍ വ്യക്തമാക്കുന്നുണ്ട്. പാറ്റൂര്‍ ഭൂമി ഇടപാട്, ബാര്‍കോഴ കേസ് എന്നിവയുടെ അന്വേഷണങ്ങളില്‍ ഉന്നതതലങ്ങളില്‍ നിന്ന് നേരിട്ട് ഇടപെടല്‍ നടന്നതായി പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ പരോക്ഷവിമര്‍ശനം ഉയര്‍ത്തുന്നുണ്ട് പുസ്തകം. പിണറായി വിജയനെ മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും മുഖ്യമന്ത്രിയായിരിക്കെ ഒരു കേസിന്റെയും അന്വേഷണത്തില്‍ അദ്ദേഹം ഇടപെട്ടിട്ടില്ലെന്നും പുസ്തകത്തില്‍ ജേക്കബ് തോമസ് വിവരിക്കുന്നു.
Discussion about this post