തിരുവനന്തപുരം: പാവങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് പട്ടിക ജാതി വികസനത്തില്‍ വലിയ താല്പര്യമൊന്നുമില്ലെന്ന് തണക്കുകള് വ്യക്തമാക്കുന്നു. ഉദാഹരണത്തിന് പട്ടികജാതി വികസനഫണ്ട് വിനിയോഗത്തിന്റെ കണക്ക് നോക്കാം. പട്ടികജാതിക്കാരുടെ വികസനത്തിനായി വകയിരുത്തിയത് 3.44 കോടി രൂപയാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജനുവരി 31 വരെ ചെലവഴിച്ചത് 15 ശതമാനം മാത്രം. അതായത് 52 ലക്ഷം രൂപയോളം മാത്രമാണ് തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ചതെന്ന് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ നിയമസഭയില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമപഞ്ചായത്തുകള്‍ക്ക് 65 ലക്ഷം വകയിരുത്തിയെങ്കിലും നാലു ലക്ഷം മാത്രമാണ് ചെലവഴിച്ചത്. ബ്ളോക് പഞ്ചായത്തുകള്‍ക്ക് വകയിരുത്തിയ 1.15 കോടിയില്‍ 31 ലക്ഷവും മുനിസിപ്പാലിറ്റിക്കുള്ള 84 ലക്ഷത്തില്‍ 16 ലക്ഷവും കോര്‍പറേഷനുകള്‍ക്കുള്ള 80 ലക്ഷത്തില്‍ 22,000 രൂപയും മാത്രമാണ് ചെലവിട്ടത്.
പ്രത്യേക ജീവിതോപാധി പദ്ധതികള്‍ നടപ്പാക്കുന്നതിന് പൂള്‍ഡ് ഫണ്ടായി നീക്കിവെച്ചത് 20 കോടിയാണ്. ഇതില്‍ ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല. പട്ടികജാതി ഘടകപദ്ധതി(എസ്.സി.പി), പട്ടികവര്‍ഗ ഉപപദ്ധതി (ടി.എസ്.പി) ഫണ്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വഴി നടപ്പാക്കുന്ന സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ക്ക് ബജറ്റില്‍ നീക്കിവെച്ചത് 955 കോടിയാണ്. അതില്‍ ചെലവഴിച്ചതാകട്ടെ 507 കോടി മാത്രം.
ഗ്രാമവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 53 കോടി വകയിരുത്തിയെങ്കിലും 17 കോടിയാണ് ചെലവഴിച്ചത്. പി.ഡബ്ള്യൂ.ഡി വഴി നടപ്പാക്കുന്ന പദ്ധതിക്ക് 22 കോടി വകയിരുത്തിയെങ്കിലും ആറ് ശതമാനമാണ് (1.34കോടി) ചെലവഴിച്ചത്. എസ്.സി.എ.ടു.എസ്.സി.പി പദ്ധതിക്കും 22 കോടി അനുവദിച്ചു. അതില്‍ 29 ശതമാനം (6.41) ചെലവഴിച്ചു. അതേസമയം 50 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിക്കായി 23 കോടി വകയിരുത്തി. ഇതില്‍ ചെലവഴിച്ചതാകട്ടെ 4.78 കോടി (20 ശതമാനം) മാത്രം.
ഈ സാമ്പത്തിക വര്‍ഷം തന്നെ മുഴുവന്‍ തുകയും വിനിയോഗിക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ കാര്യമായോന്നും നടക്കാനിടയില്ല എന്നുറപ്പാണ്.
Discussion about this post