കൊച്ചി: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനിടെ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ് രംഗത്ത്. സെന്‍കുമാര്‍ വിഷയത്തിലടക്കം ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം അതിര് വിട്ടുവെന്നും ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു. മൂന്നാറില്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പണ്ട് മുതല്‍ തന്നെ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്നും ലോറന്‍സ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒഴിവാക്കാമായിരുന്ന പ്രശ്‌നങ്ങള്‍ പോലും വലുതാക്കി ആഭ്യന്തര വകുപ്പ് അതിരുവിടുന്ന കാഴ്ചയാണ് ആദ്യം മുതല്‍ കണ്ടത്. സെന്‍കുമാര്‍ വിഷയമുള്‍പ്പെടെ സങ്കീര്‍ണമാക്കാതെ രമ്യതയിലെത്തണമെന്ന അഭിപ്രായക്കാരായിരുന്നു താനടക്കമുള്ളവര്‍. എന്നാല്‍ എന്തു കൊണ്ട് അതുണ്ടായില്ലെന്ന കാര്യം ബന്ധപ്പെട്ട വ്യക്തിക്ക് മാത്രമേ അറിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് എം.എം.ലോറന്‍സ് വ്യക്തമാക്കി.
മന്ത്രി എം.എം.മണിയുടെ പ്രവൃത്തികള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. മണിയുടെ സഹോദരന്‍ ലംബോധരനെ തനിക്കറിയാമെന്നും പണ്ട് കാലം മുതല്‍ തന്നെ പാര്‍ട്ടിക്കാരും എതിര്‍ക്കുന്നവരും മൂന്നാറില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, സിപിഎം-സിപിഐ ബന്ധം പരസ്യ പോരിലേക്ക് നീങ്ങിയത് ശരിയായില്ലെന്നും മുന്നണിയിലെ വലിയ കക്ഷിയെന്ന നിലയില്‍ സിപിഎമ്മിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post