തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് 2009 ലെ ഡിജിപിയുടെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് സെന്‍കുമാര്‍ സര്‍ക്കുലറിലൂടെ നിര്‍ദ്ദേശിച്ചു.
പോലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നടപടി. ടി ബ്രാഞ്ച് വിവരാവകാശ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന, 2009-ലെ ഡിജിപി ജേക്കബ് പുന്നൂസിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശം പിന്തുടരണമെന്നാണ് അറിയിപ്പ്.
ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നടപടിക്ക് ശുപാര്‍ശ ചെയ്യാമെന്നും 2009 ലെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
അതേസമയം അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങള്‍ പുറത്ത് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അതൃപ്തിയുണ്ട്.
നേരത്തെ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിയതിന്റെ പേരില്‍ സെന്‍കുമാറും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു.
Discussion about this post