ഡല്‍ഹി: പാകിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവതി ഉസ്മയെ തിരിച്ചെത്തിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുന്പില് സഹായ അഭ്യര്‍ഥനയുമായി ഹൈദരാബാദില്‍ നിന്നുള്ള ദമ്പതികള്‍. പാകിസ്ഥാന് പൗരനെ വിവാഹം ചെയ്ത് അവിടെ കുടുങ്ങിപ്പോയ തങ്ങളുടെ മകളെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അക്ബറും ഭാര്യയും സുഷമയുടെ സഹായം തേടിയത്.
ഒന്‍പത് വര്‍ഷം മുന്‍പ് ഒമാനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ദമ്ബതികളുടെ മകള്‍ മൊഹമ്മദി ബീഗം പാകിസ്ഥാന് പൗരനായ മൊഹമ്മദ് യൂസഫിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സൗദി അറേബ്യയില്‍ സ്ഥിരതാമസമാക്കാമെന്ന് വാക്ക് നല്‍കിയാണ് മകളെ യൂസഫ് വിവാഹം കഴിച്ചതെന്ന് അക്ബര്‍ പറയുന്നു. എന്നാല്‍ വിവാഹശേഷം പാകിസ്ഥാനിലേക്ക് പോയ യൂസഫ് പിന്നീട് വിദേശത്തേക്ക് തിരിച്ചു പോയില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എന്റെ മകള്‍ അവിടെ കഷ്ടപ്പെടുകയാണ്.
അവള് എപ്പോഴും എന്നെ ഫോണ്‍ ചെയ്യും, അവളെ തിരിച്ചെത്തിക്കാന്‍ എന്നോട് ആവശ്യപ്പെടും. വലിയ പീഡനമാണ് അവള്‍ക്ക് അവിടെ നേരിടേണ്ടി വരുന്നത്. ഒരു വേലക്കാരിയെ പോലെയാണ് അവള് അവിടെ കഴിയുന്നത്. സുഷമാജിയുടെ നിരന്തരമായ ഇടപെടല്‍ കാരണമാണ് ഉസ്മയ്ക്ക് ഇന്ത്യയില്‍ തിരിച്ചെത്താന്‍ സാധിച്ചത്. എന്റെ മകളേയും അതു പോലെ സുഷമാജി തിരിച്ചെത്തിച്ചാല്‍ ഞങ്ങള്‍ അവരോടെന്നും കടപ്പെട്ടിരിക്കും. ഇക്കാര്യത്തില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുടെ സഹായം ഞാന്‍ തേടിയിരുന്നു. മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നാണ് അവര്‍ പറഞ്ഞത് അക്ബര്‍ പറയുന്നു.
മൊഹമ്മദി ബീഗത്തെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുവെങ്കിലും സുഷമ സ്വരാജ് പ്രശ്നത്തില്‍ ഇടപെട്ടാല്‍ മകള്‍ എത്രയും പെട്ടെന്ന് തിരിച്ചു വരാന്‍ സാധിക്കുമെന്നാണ് അക്ബറിന്റെ വിശ്വാസം.
വര്‍ഷങ്ങളായി എന്റെ മകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഉസ്മ പാകിസ്താനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. എന്റെ മകളേയും എനിക്ക് തിരിച്ചു വേണം. ഇത് വിശുദ്ധ റമസാന്‍ മാസമാണ്. ഈ പുണ്യമാസം എനിക്കെന്റെ മകള്‍ക്കൊപ്പം ആഘോഷിക്കണം. പ്രിയപ്പെട്ട സുഷമ സ്വരാജ് ജീ, എന്റെ മകളെ രക്ഷിച്ചാല്‍ ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കെന്നുമുണ്ടാവും. ഒന്‍പത് വര്‍ഷമാവുന്നു ഞാനെന്റെ മോളെ കണ്ടിട്ട്…… കണ്ണീരടക്കി കൊണ്ട് മുഹമ്മദി ബീഗത്തിന്റെ മാതാവ് പറയുന്നു.
Discussion about this post