വളപട്ടണം: കണ്ണൂര്‍ വളപട്ടണത്ത് ദളിത് യുവതി ചിത്രലേഖയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം. ഇന്നലെ രാത്രിയാണ് കാട്ടമ്പള്ളിയിലെ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ ആക്രണണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് ചിത്രലേഖ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘രാത്രി കാട്ടാമ്പള്ളിയിലെ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കീറി നശിപ്പിക്കുകയായിരുന്നു. സി.പി.ഐ.എം കാരെ തന്നെയാണ് സംശയം അവരാണല്ലോ ഇത്രയും കാലം ഞങ്ങളെ ദ്രോഹിച്ച് കൊണ്ടിരുന്നത്.’ ചിത്രലേഖ വ്യക്തമാക്കി. ഓട്ടോ നശിപ്പിച്ചതിനെതിരെ വളപട്ടണം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ചിത്രലേഖ പരാതി നല്കിയ വിവരം വളപട്ടണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു അക്രമം നടന്നതായി യാതൊരു വിവരവുമില്ലെന്നായിരുന്നു സി.പി.ഐ.എം ജില്ലാക്കമ്മിറ്റി ഓഫീസ് പ്രതികരിച്ചത്. തങ്ങള്‍ക്ക് അങ്ങനെയാരു വിവരവും ലഭിച്ചിട്ടില്ലെന്നും ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ലെന്നുമാണ് പാര്‍ട്ടി ഓഫീസിന്റെ പ്രതികരണം.
ഓട്ടോ അക്രമിച്ചതിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് ചിത്രലേഖ ആരോപിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ അവര്‍ സ്ഥിരം പാര്‍ട്ടിക്ക് എതിരായിട്ട് തന്നെയല്ലേ, കാരണം അവരുടെ തോന്ന്യാസത്തിനൊന്നും പാര്‍ട്ടി നില്ക്കുന്നില്ല എന്നുള്ളത് കൊണ്ടല്ലേ..’ എന്നായിരുന്നു ജില്ലാക്കമ്മിറ്റി ഓഫീസില്‍ നിന്നുള്ള പ്രതികരണം.
പയ്യന്നൂര്‍ എടാട്ട് സ്വദേശിയായിരുന്ന ചിത്രലേഖയുടെ വാഹനത്തിന് നേരെ ഇതിന് മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ വാഹനം വയ്ക്കുന്നതുമായ് ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്.
ദളിത് യുവതി ഓട്ടോയുമായെത്തിയപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു പിന്നീട് ചിത്രലേഖയുടെ ഓട്ടോ തകര്‍ക്കുകയുമായിരുന്നു. ഇവരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. ആക്രമണങ്ങളെ തുടര്‍ന്നായിരുന്നു ഇവര്‍ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയത്.
Discussion about this post