തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നല്‍കാന്‍ വിസമ്മതിച്ച 12 ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥലംമാറ്റം. ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച് മെയ് 16 ലെ ഹൈക്കോടതി വിധിയില്‍ ഒരുവിഭാഗം ബാറുടമകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്താമെന്ന് പറഞ്ഞിരുന്നു. ദേശീയപാത പദവി സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ അനുമതി നല്‍കിയത്.
ഇതനുസരിച്ച് ഒരുവിഭാഗം ബാറുടമകള്‍ മദ്യശാലകള്‍ തുറന്നിരുന്നു. ഇതിന് പിന്നാലെ മെയ് 19 ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ രണ്ടാമത്തെ വിധിയില്‍ കോഴിക്കോട്ടെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് ഹൈക്കോടതി മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ദേശീയപാത പദവി പരിശോധിച്ച് നടപടിയെടുക്കാനായിരുന്നു കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ ഇതില്‍ അവ്യക്തത നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ അഡ്വക്കേറ്റ് ജനറലിനെയും പൊതുമരാമത്ത് വകുപ്പിനെയും സമീപിച്ചിരുന്നു. എന്നാല്‍ ദേശീയപാതാ പദവി നിലനില്‍ക്കുന്നുണ്ടെങ്കിലും കേന്ദ്ര ഗതാഗതമന്ത്രാലത്തിന്റെ അന്തിമ നിലപാടില്ലാതെ ഇതില്‍ ഒന്നും തന്നെ പറയാന്‍ ആകില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി. എന്നാല്‍ ഓരോ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഉപദേശം കൊടുക്കുക പ്രായോഗികമല്ല അതിനാല്‍ ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശം താന്‍ നല്‍കുന്നില്ല എന്ന നിലപാടാണ് അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ചത്. ഇതോടെയാണ് മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നല്‍കാന് ചില ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മടിച്ചത്. തിരുവനന്തപുരം തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇതേ തുടര്‍ന്ന് മദ്യശാലകള്‍ പുതുതായി തുറന്നില്ല. ഇതിനു പിന്നാലെയാണ് ഈ സ്ഥലങ്ങളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങുന്നത്. എന്നാല്‍ സ്ഥലം മാറ്റത്തില്‍ അസ്വഭാവികതയൊന്നുമില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ചില പരാതികള്‍ ലഭിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം ചില ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. അതിനാലാണ് ഇവരെ സ്ഥലംമാറ്റിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Discussion about this post