ഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരും ഇറാഖിലുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ബന്ദികളുടെ കുടുംബാംഗങ്ങളെ അറിയിച്ചു.
ഇവര്‍ ഐഎസിന്റെ നിയന്ത്രണത്തിലുള്ള മൊസൂള്‍ മേഖലയില്‍ തന്നെയുള്ളതായും കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് അറിയിച്ചതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാഖ് സര്‍ക്കാരുമായി ചേര്‍ന്ന് നടപടി കൈകൊള്ളുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഐഎസ് ബന്ദിയാക്കിയ മജീന്ദര്സിംഗിന്റെ സഹോദരി ഗുര്‍പീന്ദര്‍ കൗറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2014 ജൂണ്‍ 14നാണ് ഐഎസ് ഭീകരര്‍ ഇന്ത്യക്കാരായ 39 പേരെ തട്ടികൊണ്ടു പോകുന്നത്. തുര്‍ക്കിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍. മൊസുളില്നിന്ന് ബാഗ്ദാദിലേക്ക് പോകുമ്പോഴാണ് ഇവരെ ഭീകരര്‍ തട്ടികൊണ്ടുപോകുന്നത്. മൊസൂളിലെ പകുതിയിലേറെ പ്രദേശങ്ങളും ഐഎസില്‍ നിന്നും ഇറാഖ് സേന തിരിച്ചുപിടിച്ചിരുന്നെങ്കിലും ഇന്ത്യക്കാരായ ബന്ദികളെ കണ്ടെത്താനായിരുന്നില്ല. മാത്രമല്ല ബന്ദികളുടെ മോചനത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇതിന് മുന്‍പ് ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് നിരവധി തവണ ബന്ധുക്കളും കേന്ദ്രസര്‍ക്കാരും ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കുന്നത് ആദ്യമായാണ്.
Discussion about this post