ഡല്‍ഹി : ഇന്ത്യയുടെ ഡോങ്‌ലാങ് പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്നും ഇത് ഗൗരവതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്. സിക്കിമിലെ ഡോങ്‌ലാങ് പ്രദേശത്ത് റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം ഉത്കണ്ഠയുണ്ടാക്കുന്നതാണ്. സംയമനം പാലിക്കാനും തല്‍സ്ഥിതി നിലനിര്‍ത്താനും ചൈന തയ്യാറാകണം. . ഡോങ്‌ലാങ് പ്രദേശത്ത് നിയന്ത്രണരേഖയോടു ചേര്‍ന്ന് റോഡു നിര്‍മിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇന്ത്യ മുന്നറിയിപ്പു നല്‍കി.
2012ല്‍ ഇരുരാജ്യങ്ങളുമായുണ്ടാക്കിയ ഉഭയകക്ഷി കരാറിന് വിരുദ്ധമാണ് ചൈനയുടെ ഈ റോഡു നിര്‍മാണം. മേഖലയില്‍ ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കൂടുതല്‍ സംഘര്‍ഷത്തിന് ഇത് വഴിവെക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിക്കിമില്‍ ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തി കടന്നകയറാന്‍ ശ്രമിച്ചെന്ന ചൈനയുടെ ആരോപണത്തെ തള്ളിക്കൊണ്ടാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ചൈന നടത്തുന്ന റോഡു നിര്‍മാണം നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി ഭൂട്ടാന്‍ അധികൃതരും രംഗത്തെത്തിയിരുന്നു.
അതിര്‍ത്തിയില്‍ അടുത്തിടെയായി ചൈന സൃഷ്ടിക്കുന്ന പ്രകോപനങ്ങള്‍ ഇന്ത്യ ഗൗരവമായാണ് കാണുന്നത്. അതിര്‍ത്തിയിലെ റോഡു നിര്‍മാണവുമായി ചൈന മുന്നോട്ടുപോകുന്നത് നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൈനീസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, നാഥുലാ ചുരം വഴിയുള്ള മാനസസരോവര്‍ തീര്‍ഥയാത്ര ഉപേക്ഷിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കിമിലെ അതിര്‍ത്തി മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണിത്.
Discussion about this post