തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാരിനു മേല്‍ ദു:സ്വാധീനം ചെലുത്തുകയാണെന്ന രൂക്ഷവിമര്‍ശനവുമായി മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ രംഗത്ത്. അതിന് അനുവദിക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ഇന്നലെ വിരമിച്ചതിന് പിന്നാലെ ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മൂവര്‍ക്കുമെതിരെ സെന്‍കുമാര്‍ രൂക്ഷ വിമര്‍ശനവുമായി സെന്‍കുമാര്‍ രംഗത്തെത്തിയത്.
ഈ മൂന്നുപേര്‍ക്കും പ്രായോഗിക വിവരം പോലുമില്ല. കൂടാതെ ഇവര്‍ക്ക് പകയും വിദ്വേഷവും ഉണ്ട്. സര്‍ക്കാരിന് തിരിച്ചടി ഉണ്ടാക്കിയ വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം മനസിലാക്കാവുന്നതേയുള്ളൂ. വിരമിച്ച ശേഷം എന്നെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ജേക്കബ് തോമസ് എനിക്കെതിരെ അടിസ്ഥാനരഹിതമായ ആറ് ആരോപണങ്ങളുടെ പേരില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷിച്ച് കണ്ടെത്തിയതാണ്. എനിക്ക് ലഭിക്കാനുള്ള ശന്പള കുടിശിക ഏതാണ്ട് ഒമ്പത് ലക്ഷം വരും. അതുപോലും ഇതുവരെ ലഭിച്ചിട്ടില്ല. വീണ്ടും നിയമനടപടികള്‍ സ്വീകരിക്കേണ്ടി വരുമോയെന്നു പോലും എനിക്കറിയില്ല സെന്‍കുമാര്‍ പറഞ്ഞു.
നളിനി നെറ്റോയ്ക്ക് തന്നോട് വ്യക്തിപരമായ ശത്രുതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പൊലീസ് ഓഫീസര്‍ ആയിരുന്ന തന്നോട് നെറ്റോയ്ക്ക് അല്‍പം മര്യാദ കാണിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ നല്‍കിയ പീഡനക്കേസ് അന്വേഷിക്കാന്‍ ആരും തയ്യാറാവാതിരുന്നപ്പോള്‍ ക്രൈം ഡി.ഐ.ജി എന്ന നിലയില്‍ താനാണ് ആ കേസ് ഏറ്റെടുത്തതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.കെ.മൊഹന്തി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാമെന്ന് ചിലര്‍ അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടാവാം. എന്നാല്‍, 2016 ഫെബ്രുവരി 15ന് ചേര്‍ന്ന മന്ത്രിസഭായോഗം, അന്ന് ഡല്‍ഹിയിലായിരുന്ന എസ്.എം.വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചു. താന്‍ പൊലീസില്‍ ചേര്‍ന്ന സമയത്ത് തന്നെ പരിശീലിപ്പിച്ച എസ്.പിയുടെ ഭാര്യ എന്ന നിലയില്‍ നളിനി നെറ്റോയോട് താന്‍ സൗഹാര്‍ദ്ദപരമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്. വിജയാനന്ദിന് തന്നോട് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാന്‍ കാരണം താനാണെന്ന് അവര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. അതാവാം തന്നോടുള്ള അനിഷ്ടത്തിനുള്ള കാരണമെന്നും സെന്‍കുമാര്‍ പറഞ്ഞു. വിജയാനന്ദ് വിരമിച്ചതോടെ നളിനി നെറ്റോ ചീഫ് സെക്രട്ടറിയാവുകയും അതോടെ അവരുടെ സമീപനങ്ങളില്‍ മാറ്റം പ്രകടമായിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1978-91 കാലത്ത് മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാര്‍ക്ക് കീഴില്‍ ജോലി ചെയ്തതാണ് ഏറ്റവും നല്ല അനുഭവമെന്നും സെന്‍കുമാര്‍ പറഞ്ഞു. അന്ന് അഴിമതി കുറവായിരുന്നു. മാത്രമല്ല, നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഒരു തവണ മാത്രമാണ് അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. മകന്റെ വിവാഹം ക്ഷണിക്കുന്നതിന് അദ്ദേഹം തന്നെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനുമായി 45 മിനിട്ട് നീണ്ട കൂടിക്കാഴ്ച നടത്തിയെന്നും സെന്‍കുമാര്‍ പറഞ്ഞു.
Discussion about this post