കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പി.ടി.തോമസ് എം.എല്‍.എ. കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും എറണാകുളം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പി.ടി.തോമസ് പറഞ്ഞു.
കേസില്‍ പറഞ്ഞുകേട്ട ഒരു സ്ത്രീയെക്കുറിച്ച് ഇതുവരെ അന്വേഷണം നടത്താത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ എ.സി. കമ്പാര്‍ട്ട്‌മെന്റിലിരുന്ന് ഒരു സ്ത്രീ കേസിനെക്കുറിച്ച് ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു യുവാവ് ഇക്കാര്യം ആലുവ പോലീസിനെ വിവരം അറിയിച്ചു. എല്ലാം ശരിയാക്കാമെന്നും ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വാക്ക് തന്നിട്ടുണ്ടെന്ന് ആ സ്ത്രീ പറയുന്നത് കേട്ടു എന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയത്. കൊല്ലത്തെ വച്ച് ഒരു കൂട്ടം പോലീസുകാര്‍ ട്രെയിനില്‍ ഇരച്ചുകയറുകയും തിരുവനന്തപുരത്ത് ഇറങ്ങിയ സ്ത്രീയെയും ഏതാനും സഹായികളെയും പിടികൂടുകയും ചെയ്തിരുന്നു. പള്‍സര്‍ സുനി നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. എന്നാല്‍, പിന്നീട് ഇതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. രണ്ട് മൂന്ന് തവണ ആലുവ പോലീസുമായി ബന്ധപ്പെട്ടെങ്കിലും പിന്നെ വിവരം അറിയിക്കാമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ദുരൂഹമാണ്. മാത്രവുമല്ല, കേസന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കിയെങ്കിലും അതിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
കേസന്വേഷണവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പള്‍സര്‍ സുനിയുടെ വിദേശയാത്ര സംബന്ധിച്ചും പാസ്‌പോര്‍ട്ടിനെക്കുറിച്ചും യാതൊരു അന്വേഷണവും നടത്തിയില്ല. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അവിടെ ഉണ്ടായരിന്നില്ലെന്നാണ് മുന്‍ ഡി.ജി.പി. പറഞ്ഞത്. അതുപോലെ ഇപ്പോഴത്തെ ഡി.ജി.പിക്ക് കേസുമായി ബന്ധപ്പെട്ട സി.ഡി മൂന്ന് മാസം മുന്‍പ് കിട്ടിയെന്ന് പറയുന്നു. എല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്.
സംഭവം നടന്ന ഉടനെ ലാലില്‍ നിന്ന് വിവരമറിഞ്ഞ നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.രാജീവിനെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍, രാജീവ് ഏറെ വൈകിയാണ് സംഭവസ്ഥലത്ത് എത്തിയത്. എന്തെങ്കിലും കേട്ടാല്‍ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുന്ന ശീലമാണ് എന്റേത്. അതുകൊണ്ടാണ് രാത്രി തന്നെ നടിയുടെ അടുത്ത് എത്തിയത്. ഇതിന് വേറെ വ്യാഖ്യാനം നല്‍കേണ്ടതില്ല. കേസില്‍ ഒന്നും പ്രതികരിക്കാതിരിക്കാന്‍ എന്റെ മേല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദമൊന്നുമില്ല. കെ.പി.സി.സി. നിര്‍വാഹക സമിതിയില്‍ അംഗമല്ലാത്തതിനാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്‌തോ എന്നും അറിയില്ലപി.ടി.തോമസ് പറഞ്ഞു.
സ്ത്രീസുരക്ഷ മുദ്രാവാക്യമായി ഉയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. എന്നിട്ടും ഒരു നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിപടികള്‍ ഒന്നുമാകുന്നില്ല. താരസംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ വേട്ടപ്പട്ടികള്‍ പോലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ചാടിവീണതെന്നും പി.ടി.തോമസ് കുറ്റപ്പെടുത്തി.
കേസില്‍ താന്‍ ആരെയും സംശയിക്കുന്നില്ലെന്നും ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post