ജമ്മു:അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. കാശ്മീര്‍ താഴ്വരയിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച നിര്‍ത്തിവെച്ച യാത്ര ഞായറാഴ്ചയാണ് പുറപ്പെട്ടത്. 4411 തീര്‍ത്ഥാടകര്‍ കശ്മീര്‍ താഴ്‌വരയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
തീര്‍ത്ഥാടകരുടെ സംഘത്തിന് 140 വാഹനങ്ങള്‍ അകമ്പടി നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജമ്മുവിലെ ഭഗവതി നഗറില്‍ നിന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ 4.05നാണ് യാത്ര ആരംഭിച്ചത്.
40 ദിവസത്തോളം നീണ്ടു നിണ്ടുനില്‍ക്കുന്ന യാത്ര ജൂണ്‍ 29നാണ് ആരംഭിച്ചത്. ഹിമാലയത്തിലെ അമര്‍നാഥ് ഗുഹ ലക്ഷ്യമാക്കിയുള്ള യാത്ര ഓഗസ്റ്റ് 7 ന് ശ്രാവണ പൂര്‍ണിമ, രക്ഷാബന്ധന്‍ ഉത്സവം എന്നിവയോട് അനുബന്ധിച്ചാണ് അവസാനിക്കുക.
സമുദ്ര നിരപ്പില്‍ നിന്ന് 3888 മീറ്റര്‍ ഉയരത്തിലുള്ള അമര്‍നാഥ് ഗുഹ സന്ദര്‍ശിക്കാന്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. ഈവര്‍ഷം അമര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ പത്തോളം തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു.
Discussion about this post