ഡല്‍ഹി : ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്, പ്രഫ.അനന്ത്കുമാര്‍ എന്നിവരെ അധിക്ഷേപിച്ചു സംസാരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ശബ്ദരേഖ പുറത്ത്.യോഗേന്ദ്ര യാദവും സംഘവും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിയെ തോല്പിക്കാന് ശ്രമിച്ചെന്നും ഇവര്‍ തുടര്‍ന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ശബ്ദരേഖയില്‍ പറയുന്നു.ആംആദ്മി ദേശീയ കൗണ്‍സില്‍ ഇന്ന് ചേരാനിരിക്കെയാണ് നിര്‍ണായക സംഭവങ്ങള്‍ പുറത്തായിരിക്കുന്നത്.
അതേസമയം പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ കെജ്രിവാള് ഡല്‍ഹി എംഎല്‍എമാരെ ഉള്‍പ്പെടുത്തി പുതിയ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ചതായി യോഗേന്ദ്ര യാദവ് പക്ഷം ആരോപിച്ചു. മാപ്പ് എഴുതിത്തന്നെങ്കിലും ബാഹ്യ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങി യോഗേന്ദ്ര യാദവ് സമവായം അട്ടിമറിച്ചെന്നാണു മറുഭാഗത്തിന്റെ മറുപടി. വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളും മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇരുപക്ഷവും ഹാജരാക്കി.
കെജ്രിവാളിനെ കത്തിലൂടെ അറിയിച്ച അഞ്ച് ആവശ്യങ്ങള്‍ ദേശീയ കൗണ്‍സിലില്‍ പ്രമേയമായി അവതരിപ്പിക്കുമെന്നും നടപടിക്രമങ്ങള്‍ വിഡിയോയില്‍ പകര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യാദവ് പക്ഷം അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നിര്‍വാഹക സമിതിയില്‍ നിന്നു രാജിവയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post