ഡല്‍ഹി: സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 304 രഹസ്യരേഖകള്‍ ലഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. നാല് കേന്ദ്ര വകുപ്പുകളില്‍ നിന്ന് നേതാജിയും ആസാദ് ഹിന്ദ് ഫൗജുമായി ബന്ധപ്പെട്ട രേഖകളാണ് ലഭിച്ചത്. ലോക്‌സഭ ചോദ്യോത്തര വേളയില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ രേഖകളില്‍ 58 ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും, 20 എണ്ണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും 37 എണ്ണം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുമാണ് ലഭിച്ചത്. ഇവ നാഷണല്‍ ആര്‍ക്കൈവ്‌സിലേക്ക് അയച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. ലഭിച്ച 304 ഫയലുകളില്‍ 303 എണ്ണവും www.netajipa per.gov.in വെബ്‌പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട്. നേതാജിയെ കാണാതായതുമായി ബന്ധപ്പെട്ട് ഖോസ്ല കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ 271 ഫയലുകളും ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ 759 ഫയലുകളും കണ്ടെത്തിയിരുന്നു. ഇവയെല്ലാം ദേശീയ ആര്‍ക്കൈവ്‌സിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചിരുന്നതാണ്. 1997 പൊതുരേഖ നിയമ പ്രകാരം ഇവയെല്ലാം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
2015 ഒക്‌ടോബര്‍ 14ന് നേതാജിയുടെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നേതാജിയെ കാണാതായതുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി രഹസ്യ സ്വഭാവമുള്ള 100 ഫയലുകള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാനും ആരംഭിച്ചിരുന്നു.
Discussion about this post