ഡല്‍ഹി: രാജ്യസഭാ സീറ്റ് തരപ്പെടുത്താന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വത്തെ നിരന്തരം സമീപിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കുന്നതിനെതിരെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ എതിര്‍ത്തപ്പോഴാണ് പിന്തുണ തേടി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വാതിലില്‍ മുട്ടിയത്. യെച്ചൂരിയാണ് സ്ഥാനാത്ഥിയെങ്കില് പിന്തുണക്കാമെന്ന് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയില്‍ ബംഗാള്‍ ഘടകമാണ് യെച്ചൂരിക്കായി വാദിച്ചത്. തീരുമാനം വൈകുന്നതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ അസ്വസ്ഥനായിരുന്നുവെന്ന് ഒരു മുതിര്‍ന്ന നേതാവ് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘തീരുമാനം ഉടനുണ്ടാകണമെന്ന് രാഹുല്‍ ബംഗാള്‍ നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് യെച്ചൂരി രാഹുലുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രകമ്മറ്റി യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിന് യെച്ചൂരിയും ബംഗാള്‍ നേതൃത്വവും സോണിയയുടെ വസതിയിലെത്തിയാണ് നേരത്തെ ചര്‍ച്ച നടത്തിയത്’. കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. പിന്തുണ തേടി യെച്ചൂരി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നതായി കോണ്‍ഗ്രസ് എംപി എം.ഐ. ഷാനവാസും പറഞ്ഞു.
അതേസമയം യെച്ചൂരിയുടെ പരസ്യപ്രതികരണത്തിന് വിരുദ്ധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍. പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് എതിരായതിനാല്‍ മത്സരിക്കാനില്ലെന്നാണ് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ബംഗാള്‍ ഘടകത്തെ യെച്ചൂരി രംഗത്തിറക്കിയതാണെന്നും ഇതോടെ വ്യക്തമായി. യെച്ചൂരി മത്സരിക്കേണ്ടെന്ന് കേന്ദ്രകമ്മറ്റി തീരുമാനിച്ചിരുന്നു. ആഗസ്തില്‍ ബംഗാളില്‍ ഒഴിവുവരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചെണ്ണത്തില്‍ തൃണമൂല്‍ ജയിക്കും.
സ്വന്തമായി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ നിലവിലെ എംപിയായ യെച്ചൂരിയെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത് സിപിഎം തള്ളിയതോടെ പ്രദീപ് ഭട്ടാചാര്യ എംപിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പിന്തുണക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭാ എംപിയായ പ്രദീപ് ഭട്ടാചാര്യയുടെ കാലാവധിയും ആഗസ്തില്‍ അവസാനിക്കും. അദ്ദേഹമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. മുന്‍ കൊല്‍ക്കത്ത മേയര്‍ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയാണ് സിപിഎം സ്ഥാനാര്‍ഥി. തൃണമൂലിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് ജയിക്കുന്നത് ബംഗാള്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. മമതയെ നേരിടാന്‍ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.
Discussion about this post