കാസര്‍കോട്: തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തൃക്കരിപ്പൂര്‍ ടൗണിലെ മര്‍വാന്‍ ഇസ്മായില്‍ (23) മരിച്ചുവെന്നാണ് പിതാവിനു ലഭിച്ച വാട്‌സാപ്പ് സന്ദേശം. 21 അംഗ മലയാളി സംഘമാണ് ഐഎസ്സില്‍ ചേര്‍ന്നത്. ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
നേരത്തെ സന്ദേശമയച്ച പടന്നയിലെ കെ.പി. അഷ്ഫാക്കിന്റെ പേരില്‍ തന്നെയാണ് ഇക്കുറിയും സന്ദേശമെത്തിയത്. അഷ്ഫാക്കിനെയും ഇവര്‍ക്കൊപ്പം കാണാതായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചിട്ടില്ല. സംഭവം എവിടെയാണെന്ന കാര്യത്തിലും വിവരമില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. 2016 മെയ് 28ന് ജോലി ചെയ്തിരുന്ന സ്‌കൂളിന്റെ ആവശ്യത്തിനായി മുംബൈയിലേക്കെന്നു പറഞ്ഞാണ് മര്‍വാന്‍ വീട്ടില്‍ നിന്നു പോയത്.
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിനുണ്ടായ തകര്‍ച്ചയ്ക്ക് ശേഷം ഐഎസില്‍ ചേര്‍ന്ന പലരും നാട്ടിലേക്ക് തിരിച്ചു പോകാനുള്ള നീക്കമാരംഭിച്ചിരുന്നു. മലയാളികളില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനിലായിരുന്നു ചേര്‍ന്നത്. ഇവരില്‍ 13 പേര്‍ യുഎസ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തേ നാട്ടില്‍ ലഭിച്ച വിവരം.
Discussion about this post