തൃശ്ശൂര്‍: സംസ്ഥാനത്തെ ഭരണപക്ഷ പാര്‍ട്ടിയായ സി.പി.എമ്മിന്റെ ഭീഷണി ഭയന്ന് നൂറുകോടിയുടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് തൃശൂര്‍ പേരാമംഗലം സ്വദേശിയായ യുവവ്യവസായി. പാലക്കാട് തൃത്താലയില്‍ രാജ്യാന്തര നിലവാരമുള്ള ആയുര്‍വേദ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയാണ് ഉപേക്ഷിച്ചത്.
സി.പി.എം പ്രാദേശിക നേതൃത്വത്തിന് എതിരെയാണ് ആരോപണം. ആവര്‍ത്തിച്ച് പിരിവ് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് ഭീഷണിക്കു കാരണമെന്ന് തൃശൂര്‍ പേരാമംഗലം സ്വദേശിയായ സക്കീര്‍ ഹുസൈന് പറയുന്നു.
എട്ടേക്കര്‍ ഭൂമിയിലാണ് രാജ്യാന്തര നിലവാരത്തിലുള്ള ആയുര്‍വേദ ചികില്‍സാ കേന്ദ്രം പണിയുന്നത്. ഇതിനോടകം, ഇരുപതു കോടി മുതല്‍ മുടക്കി. വഴിയരികിലെ നടപ്പാതയില്‍ ചെടിയും പുല്ലും വച്ചുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരണം നടത്തിയത് പൊതുമരാമത്തിന്റെ അനുമതിപ്രകാരം. മാലിന്യം കുമിഞ്ഞുകൂടിയ സ്ഥലം വൃത്തിയാക്കി സൂക്ഷിച്ചതാണ് സി.പി.എമ്മുകാര്‍ നശിപ്പിച്ചതെന്ന് സക്കീര്‍ ഹുസൈന് പറയുന്നു. ഇവിടെ, സി.പി.എമ്മിന്റെ കൊടിയും നാട്ടി. വ്യവസായ മന്ത്രിക്കു വരെ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.
എന്നാല്‍ , പദ്ധതിയോട് ആര്‍ക്കും എതിര്‍പ്പില്ലെന്ന് സി.പി.എം. പ്രാദേശിക നേതാക്കളുടെ വാദം. എതിര്‍വശത്തുള്ള പഞ്ചായത്ത് ഓഫിസിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലം സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ കയ്യടക്കിയതാണ് ചോദ്യംചെയ്തതെന്നും നേതാക്കള്‍ പറയുന്നു. ആയുര്‍വേദ കേന്ദ്രം പണിയാന്‍ ആരും തടസം നില്‍ക്കില്ലെന്ന് സി.പി.എം. പ്രാദേശിക നേതൃത്വം പറയുന്നു.
Discussion about this post