തിരുവനന്തപുരം: ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്ലി. ശ്രീകാര്യത്ത് ബിജെപി പ്രവര്ത്തകന് രാജേഷിന്റെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുഃഖകരമായ ഒരു സാഹചര്യത്തിലാണ് ഇന്ന് നാം ഇവിടെ ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്. കേരളത്തില്‍ അക്രമങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. സിപിഎം അക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. ക്രൂരത എല്ലാ അതിര്‍ത്തികളെയും ലംഘിച്ചിരിക്കുകയാണ്. ബിജെപിയുടെ എല്ലാ സംവിധാനങ്ങളും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ആദര്‍ശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന തെറ്റ് മാത്രമാണ് രാജേഷ് ചെയ്തത്. ആര്‍ക്കെതിരായി ഒരുവിധത്തിലും പ്രവര്‍ത്തിക്കാതെയാണ് രാജേഷ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ശത്രുത, രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയേക്കാള്‍ ക്രൂരമായി മാറുന്ന സാഹചര്യമാണിതെന്നും ജെയ്റ്റ്ലി പറഞ്ഞു.
ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി. പത്തു മിനുട്ടോളം നേരം ജെയ്റ്റ്ലി ഇവിടെ ചിലവഴിച്ചു.
കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന് ബി.ജെ.പി പ്രചരണം നടത്തവെയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിരുവനന്തപുരത്തെത്തിയത്. വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്.എസ്സ്.എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയപ്രധാന്യമുണ്ട്.
ഉച്ചയ്ക്കു ശേഷം എട്ടുമാസം മുമ്പ് നടന്ന ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ ഗുരുതര പരുക്കേറ്റ ആര്‍എസ്എസ് നേതാവ് ജയപ്രകാശിനെ കാണും. ഉച്ചക്ക് 1.30 ന് സിപിഎം ആക്രമണത്തിന് ഇരയായ കുടുംബങ്ങളുടെ സംഗമത്തിലും ജെയ്റ്റ്ലി പങ്കെടുക്കും. നാല് മണിക്ക് മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങുക.
Discussion about this post