തിരുവനന്തപുരം: ഏത് ഔദ്യോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഭരണപരിഷ്‌കാര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയകത്ത് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കൈമാറി. സര്‍വീസില്‍ നിന്നും വിരമിച്ച് കഴിഞ്ഞാല്‍ പുതിയ സര്‍ക്കാര്‍ പദവികളില്‍ ജോലി ചെയ്യണമെങ്കില്‍ ഇത്തരത്തില്‍ സമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണിത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കാനുളള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ ശുപാര്‍ശ, വിയോജിപ്പും എതിര്‍ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയും സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഈ പട്ടിക റദ്ദാക്കണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും കേരളം ഒപ്പം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. സെന്‍കുമാറിനെ നിയമിച്ചുളള ഉത്തരവ് ഉണ്ടായാല്‍ ഇത്തരത്തില്‍ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് അദ്ദേഹം കത്ത് നല്‍കിയത്. പുതിയ ഉത്തരവാദിത്വം ഒന്നും തത്കാലം ഏറ്റെടുക്കുന്നില്ലെന്നാണ് നേരത്തെ സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.
Discussion about this post