ചണ്ഡിഗഡ്: പീഡനക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷ സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കും. കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റോഹ്തക്കും പരിസരവും സുരക്ഷാസൈനികരുടെ നിയന്ത്രണത്തിലായി.
ജഗ്ദീപ് സിങ് ഇന്നലെ വൈകിട്ട് പഞ്ച്കുളയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം റോത്തക്കിലെത്തി. ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ഇന്ന് മൂര്‍ധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞദിവസത്തെ ആക്രമണങ്ങളില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു.
പോലീസും അര്‍ധസൈനികരുമാണ് സുരക്ഷയുടെ ഭാഗമായി റോഹ്തക്കിലുള്ളത്.
തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷം മാത്രമേ ജനങ്ങളെ റോഹ്തക്കിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും രേഖകളില്ലാത്തവരെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. റോഹ്തക്കില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി.
ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാന്‍ ഗുര്‍മീത് അനുയായികള്‍ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങള്‍ നിലയുറപ്പിച്ചു.
റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹി – റോത്തക് – ഭട്ടിന്‍ഡ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി.
Discussion about this post