കൊച്ചി: വ്യാജരേഖ ചമച്ച് അവധിയിലെ ശമ്പളം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ സെന്‍കുമാറിന് സമന്‍സ് നല്‍കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
ഇതില്‍ ഈ മാസം 19 ന് സെന്‍കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
തന്നെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരായ നിയമ പോരാട്ടത്തിനായി അവധിയില്‍ പോയ സെന്‍കുമാര്‍ എട്ടുമാസം മെഡിക്കല്‍ അവധിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ചു എന്നാണ് പരാതി. ഇതുവഴി എട്ടുലക്ഷം രൂപ നേടിയെടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്.
ഐപിസി സെക്ഷന്‍ 465, 468, 471, സ്‌പെഷ്യല്‍ സെക്ഷന്‍ 164 എന്നീ ജ്യാമമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കന്റോണ്‍മെന്റ് എസിപി കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല.
വ്യാജരേഖാ കേസുകള്‍ വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരാത്തതിനാലാണ് പൊലീസ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അര്‍ഹതപ്പെട്ട ശമ്പളത്തിലെ അവധി മെഡിക്കല്‍ അവധി ആക്കുകയാണ് ചെയ്തതെന്നാണ് സെന്‍കുമാര്‍ പറയുന്നത്.
Discussion about this post