തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന. തൃപ്പങ്ങോട് പരപ്പേരി സ്വദേശിയായ സാബിനുളിന്റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും വാളുകളും ഇരുമ്പുദണ്ഡും കണ്ടെടുത്തിട്ടുണ്ട്. വീടിനോടു ചേര്‍ന്നുള്ള വിറകുപുരയിലെ ഓലക്കെട്ടുകള്‍ക്കിടയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് വാളുകള്‍ കണ്ടെത്തിയത്.
വിപിനെ കൊല ചെയ്യാന്‍ ഇതേ ആയുധങ്ങള്‍ തന്നെയാണോ പ്രതികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ഇതിനായി ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
നേരത്തേ പോലീസ് ചോദ്യം ചെയ്തപ്പോള്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് സാബിനുള്‍ പോലീസിനോട് പറഞ്ഞത്. ഇതു മുഖവിലയ്‌ക്കെടുക്കാതെയാണ് തിരൂര്‍ സിഐ എം കെ ഷാജി, എസ്‌ഐ സുമേശഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാബിനുളിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം കൊലപാതകം നടന്ന പുളിഞ്ചോട് എന്ന സ്ഥലത്ത് സാബിനുളിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വെറും അഞ്ച് മിനിറ്റ് കൊണ്ടാണ് താനുള്‍പ്പെട്ട സംഘം വിപിനെ കൊല ചെയ്തതെന്നു സാബിനുള്‍ പോലീസിനോട് മൊഴി നല്‍കിയിരുന്നു. ആഗസ്റ്റ് 24നാണ് വിപിന്‍ വെട്ടേറ്റ് മരിച്ചത്. രാവിലെ ജോലിക്ക് പോവുമ്പോഴാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.
Discussion about this post