ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ഹരിയാന പോലീസ് തേടുന്ന കൊടും കുറ്റവാളികളില്‍ ഒരാള്‍. പോലീസ് തേടുന്ന 43 കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് ഹണിപ്രീതിന്റെ പേരുള്ളത്.
ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റവാളിയാണെന്ന് കോടതി വിധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കലാപത്തിന് ഹണിപ്രീതും ഡേറാ വക്താവ് ആദിത്യ ഇന്‍സാനും കോപ്പുകൂട്ടിയെന്ന കുറ്റമാരോപിച്ചാണ് പോലീസ് ഇരുവരെയും തേടുന്നത്. വിധി പ്രഖ്യാപിച്ച ഓഗസ്റ്റ് 25ന് ഡേരാ സച്ഛാ സൗദ അനുകൂലികള്‍ നടത്തിയ ആക്രമങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്നേ ദിവസം മുതല്‍ ഇവര്‍ ഒളിവിലാണ്.
പപ്പയുടെ മാലാഖയാണെന്നും ദത്തു പുത്രിയാണെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.
വിധി പ്രഖ്യാപിച്ച ശേഷം ഗുര്‍മീതിനെയും വഹിച്ചു കൊണ്ട് റോത്തക്ക് ജയിലേക്ക് പറന്ന ഹെലികോപ്ടറില്‍ ഗുര്‍മീതിനൊപ്പം ഹണിപ്രീത് ഉണ്ടായിരുന്നു. അതിനു ശേഷം അവരെ പൊതു ഇടങ്ങളില്‍ കണ്ടിട്ടില്ല. ശിക്ഷ വിധിച്ചതിനു ശേഷം ഗുര്‍മീതിന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന ആരോപണം ഹണിപ്രീതിനെതിരെ നിലനില്‍ക്കുന്നുണ്ട്.
Discussion about this post