ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയും മകളും ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് അധിക ഭൂമി കൈവശം വച്ചുവെന്ന് റിപ്പോര്‍ട്ട്. മൂന്നര ഏക്കറോളം ഭൂമിയാണ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്. കൈനകരി തെക്ക് വില്ലേജില്‍ മാത്രം 2001ല്‍ കൈവശം വച്ചിരുന്നത് പതിനാറര ഏക്കര്‍ ഭൂമിയാണ്. ഇതില്‍ അഞ്ച് ഏക്കര്‍ ബന്ധുക്കളുടെ പേരിലേക്ക് മാറ്റി.
കൈനകരി തെക്ക് വില്ലേജില്‍ ഒമ്പത് ഏക്കര്‍ ഭൂമി മകളുടെ പേരിലുണ്ട്. ഏഴ് തണ്ടപ്പേരുകളിലായി സ്വന്തം പേരില്‍ നിലവില്‍ തോമസ് ചാണ്ടിക്ക് 11 ഏക്കര്‍ ഭൂമിയുണ്ട്. ഈ ഏഴ് തണ്ടപ്പേരുകളുടെ പേരിലും വ്യത്യാസമുണ്ട്. മന്ത്രിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഫയലുകളില്‍ പ്രധാനപ്പെട്ട റവന്യൂ രേഖകള്‍ ഉണ്ടായിരുന്നില്ല. വസ്തുവിന്റെ ആധാരം, കരംതീര്‍ത്ത രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഫയലില്‍ നിന്നും നഷ്ടമായത്. നഗരസഭയുടെ കെട്ടിടം നിര്‍മ്മാണ അനുമതി മാത്രമാണ് ഫയലിലുണ്ടായിരുന്നത്.
മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെടുന്ന വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് കാണാതായ ചില ഫയലുകളില്‍ നിന്നാണ് ഇവ അപ്രത്യക്ഷമായത്. ലേക്പാലസ് നില്ക്കുന്ന ഭൂമി 90 ശതമാനവും കൃഷിനിലമാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഉന്നതരുടെ ഒത്താശയോടെ ഫയലുകളില്‍ നിന്ന് റവന്യു രേഖകള്‍ മാറ്റിയതാകാമെന്നാണ് കരുതുന്നത്.
അതിനിടെ റിസോര്‍ട്ടിന് പ്രതിവര്‍ഷം 11 ലക്ഷത്തോളം രൂപ നഗരസഭ നികുതി ഇളവ് നല്കിയതും വിവാദമായിട്ടുണ്ട്.
Discussion about this post