താനെ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് പിടിയിലായ സഹോദരന് ഇക്ബാല്‍ കസ്കര്‍. ചോദ്യം ചെയ്യലില്‍ കസ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗവും താനെ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗവും അറിയിച്ചു. തിങ്കളാഴ്ച രാത്രി ദക്ഷിണ മുംബൈയില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ പക്മോഡിയ സ്ട്രീറ്റിലുള്ള സഹോദരി ഹസീന പാര്‍ക്കറുടെ വീട്ടില്‍നിന്നാണു കസ്കറെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്കര്‍ പങ്കുവച്ചതായാണു വിവരം.ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെയിലാണ് കസ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്കിസ്ഥാനില്‍ ദാവൂദ് താമസിക്കുന്ന മേല്‍വിലാസം പോലീസിന് കൈമാറിയതായാണ് വിവരം.
ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെന്നും വിട്ട് തരണമെന്നും ഇന്ത്യ ആവശ്യപ്പെടുമ്പോഴൊക്കെ ഇക്കാര്യം പാക്കിസ്ഥാന് നിഷേധിച്ചിരുന്നു. കസ്കറിന്റെ വെളിപ്പെടുത്തലോടെ പാക്കിസ്ഥാന് ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. സെപ്തംബര്‍ പതിനെട്ടിന് ആയിരുന്നു ഇക്ബാല്‍ കസ്കറിനെയും മറ്റ് രണ്ട് സഹായികളെയും താനെ ക്രൈബ്രാഞ്ച് പോലീസിന്റെ കവര്‍ച്ചാ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.ദാവൂദ് പാക്കിസ്ഥാനിലാണെന്ന ഇന്ത്യയുടെ വാദത്തിനു ബലമേകുന്ന മൊഴിയാണ് കസ്കര്‍ നല്‍കിയിരിക്കുന്നത്. ദാവൂദിന്റെ പാക്കിസ്ഥാനിലെ വിലാസങ്ങളായി ഇന്ത്യ ഐക്യരാഷ്ട്രസംഘടനയ്ക്കു കൈമാറിയ ഒന്‍പതു സ്ഥലങ്ങളില്‍ ആറെണ്ണവും ശരിയാണെന്നു യുഎന്‍ കണ്ടെത്തിയിരുന്നു. ദാവൂദ് പതിവായി സന്ദര്‍ശിക്കുന്ന ഒന്‍പതു സ്ഥലങ്ങളുടെ വിലാസങ്ങളാണ് യുഎന്‍ രക്ഷാസമിതിയുടെ അല്‍ ഖായിദ ഉപരോധ സമിതിക്ക് ഇന്ത്യ കൈമാറിയത്. പാക്കിസ്ഥാനില്‍ വന്‍ സ്വത്തുസമ്പാദ്യങ്ങളുള്ള ദാവൂദ് പാക്ക് അധികൃതരുടെ തണലില്‍ ഒളിവുജീവിതം നയിക്കുന്നുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍, ദാവൂദ് രാജ്യത്തില്ലെന്നാണു പാക്ക് നിലപാട്.
ഫോണ്‍ ചോര്‍ത്തപ്പെടുമെന്ന ഭീതിയാലാണ് ദാവൂദ് ഇന്ത്യയിലെ അനുയായികളെ വിളിക്കാത്തതെന്നും കസ്കര്‍ അറിയിച്ചു. ഇരുവരുടെയും മറ്റൊരു സഹോദരനായ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണു കഴിയുന്നത്. അടുത്തിടെ അനീസുമായി ആകെ നാലോ അഞ്ചോ തവണ മാത്രമേ സംസാരിച്ചിരുന്നുള്ളൂവെന്നും കസ്കര്‍ കൂട്ടിച്ചേര്‍ത്തു. കെട്ടിട നിര്‍മാതാക്കള്‍, ബിസിനസുകാര്‍ തുടങ്ങിയവരില്‍നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് കസ്കര്‍ പിടിയിലായത്. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്കര്‍ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്.
Discussion about this post