ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2019നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഇതിൽ പാർട്ടിക്ക് നിർണായകമാകുന്നത് 80 സീറ്റുകളുള്ള ഉത്തർപ്രദേശിലെ പ്രകടനമായിരിക്കും. കഴിഞ്ഞ തവണ യുപിയിൽ നിന്ന് നേടിയ 62 സീറ്റുകൾ ഇത്തവണ വർദ്ധിപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും യോഗി ഫാക്റ്ററും രാമക്ഷേത്രവുമെല്ലാം
യുപിയിൽ ബിജെപിയുടെ ഗ്രാഫ് ഇത്തവണ വീണ്ടും ഉയർത്തുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ശനിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ ഉത്തർപ്രദേശിലെ അവശേഷിക്കുന്ന 13 മണ്ഡലങ്ങളും വിധിയെഴുതും. കിഴക്കൻ യുപിയിലെ മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിൽ ജനവിധി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരുമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
പുണ്യനഗരമായ വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം അങ്കമാണിത്. 2019ൽ 4,79,000ത്തിലധികം വോട്ടുകൾക്കാണ് മോദി വിജയിച്ചത്. വാരാണസിയിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ഇക്കുറി ഭൂരിപക്ഷം വീണ്ടും ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ മണ്ഡലങ്ങൾ ലക്ഷ്യമിട്ട് വാരാണസിയിലും ഗോരഖ്പൂരിലും ഉൾപ്പെടെ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഉജ്ജ്വലമായ പ്രചാരണമാണ് നടത്തിയത്. കിഴക്കൻ യുപിയിലെ ബിജെപി റാലികളും റോഡ് ഷോകളും വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
യോഗി ആദിത്യനാഥ് അഞ്ച് തവണ പ്രതിനിധീകരിച്ച ഗോരഖ്പൂരിൽ പ്രമുഖ നടനും ഗായകനുമായ രവികിഷനാണ് ബിജെപിയുടെ സ്ഥാനാർഥി. കേന്ദ്ര മന്ത്രിയും
എൻഡിഎ ഘടകക്ഷിയായ അപ്നാ ദളിന്റെ നേതാവുമായ അനുപ്രിയ പട്ടേൽ മിർസാപൂരിൽ നിന്ന് ജനവിധി തേടും. ഈയിടെ അന്തരിച്ച കുപ്രസിദ്ധ ഗുണ്ടാ നേതാവ് മുക്താർ അൻസാരിയുടെ സഹോദരൻ അഫ്സൽ അൻസാരി ഘാസിപൂരിൽ എസ്പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്.
കേന്ദ്ര മന്ത്രിമാരായ മഹേന്ദ്രനാഥ് പാണ്ഡ ചന്ദോലിയിലും പങ്കജ് ചൗധരി മഹരാജ്ഗഞ്ചിലുമാണ് മത്സരിക്കുന്നത്.
എസ്പി-കോൺഗ്രസ് സഖ്യത്തിനായി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംയുക്ത റാലികൾ സംഘടിപ്പിച്ച് മേഖലയിൽ സജീവമായിരുന്നു. കിഴക്കൻ യുപിയിലെ ഈ 13 മണ്ഡലങ്ങൾ കൂടാതെ രാജ്യത്തെ 44 ലോക്സഭാ സീറ്റുകളിൽ കൂടി അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
പഞ്ചാബിലെ ആകെയുള്ള 13 ലോക്സഭാ മണ്ഡങ്ങളിലും ഹിമാചൽ പ്രദേശിലെ 4 സീറ്റുകളിലും ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരിക. 543 അംഗ ലോക്സഭയിൽ 303 സീറ്റുകൾ നേടിയാണ് 2019ൽ ബിജെപി അധികാരം നിലനിർത്തിയത്. എൻഡിഎ മൊത്തം 353 സീറ്റുകൾ സ്വന്തമാക്കിയിരുന്നു.
Discussion about this post