തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കുകയാണെന്നും അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രിയുടെ പ്രതികരണം ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ജി സുധാകരന്‍ പറഞ്ഞു.
അഴിമതി നടത്തിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടു. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാവില്ല. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹസന്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ ചട്ട ലംഘനത്തെയും നിയമലംഘനത്തെയും കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവര്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി തന്നെ അദ്ദേഹം ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം അതിന്റെ അടിസ്ഥാനത്തില്‍ ഇതിന് മറുപടി പറയാമെന്നാണ് റവന്യുമന്ത്രി പറഞ്ഞത്.
മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തി എന്ന കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ അധികാരദുര്‍വിനിയോഗമെന്നത് ഉറപ്പാക്കാം. മുഖ്യമന്ത്രി അദ്ദേഹത്തോട് രാജിവെക്കാന്‍ പറയണം.
അല്ലെങ്കില്‍ വിജിലന്‍സ് കേസ് ചാര്‍ജ് ചെയ്യുന്നത് അടക്കമുളള സാങ്കേതികമായ മറ്റ് നടപടി ക്രമങ്ങള്‍ സ്വീകരിക്കണം. കളക്ടറുടെ റിപ്പോര്‍ട്ട് വന്നതോട് കൂടി അദ്ദേഹത്തിന് ധാര്‍മ്മികമായി മന്ത്രി സ്ഥാനത്ത് തുടരാനുളള അവകാശം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു
Discussion about this post