ഡല്‍ഹി: നിര്‍ബന്ധിച്ചു മതംമാറ്റിയെന്നു കണ്ടെത്തി വൈക്കം സ്വദേശി അഖിലയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിക്കെതിരായ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അനുമതി തേടി. ഇതു സംബന്ധിച്ചു കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. ചട്ടങ്ങള്‍ പ്രകാരമുള്ള കടമ നിറവേറ്റാന്‍ അനുവദിക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ട വനിതാ കമ്മിഷന്‍, ഡോക്ടര്‍ക്കൊപ്പം അഖിലയെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ആവശ്യമുന്നയിച്ചു.
വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടി പരിശോധിക്കുമെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോയെന്നാണു പരിശോധിക്കുക, ഈ വിഷയത്തില്‍ എന്‍ഐഎ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും പരിശോധിക്കുമെന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, 24 വയസുള്ള പെണ്‍കുട്ടിയുടെ സംരക്ഷണം പൂര്‍ണമായി അച്ഛന് അവകാശപ്പെട്ടതല്ലെന്നു വ്യക്തമാക്കിയ കോടതി ആവശ്യമെങ്കില്‍ മറ്റൊരു സംരക്ഷകനെ നിയോഗിക്കുകയോ ഹോസ്റ്റലിലേക്കു മാറ്റുകയോ ചെയ്യുന്നതു പരിഗണിക്കേണ്ടിവരുമെന്നും പറഞ്ഞു. ബന്ധപ്പെട്ട ഹര്‍ജികളിലൊന്നും ഉന്നയിക്കപ്പെടാത്ത എന്‍ഐഎ അന്വേഷണത്തിനു സുപ്രീംകോടതി എങ്ങനെ ഉത്തരവിട്ടെന്ന വാദമാണ് അഖിലയുടെ ഭര്‍ത്താവ് ഷെഫീന്‍ ജഹാന്‍ ഇന്നലെ ഉന്നയിച്ചത്.
മുസ്ലിം സമുദായത്തിലേക്കു മതം മാറിയ അഖിലയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്. നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് അഖിലയുടെ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. സേലത്തെ ഹോമിയോ കോളേജില്‍ പഠിക്കാന്‍ പോയ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു അശോകന്റെ ഹേബിയസ് കോര്‍പ്പസ് റിട്ട് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതംഗീകരിച്ച കോടതി നിര്‍ബന്ധിച്ചു മതം മാറ്റിയതാണെന്നു ചൂണ്ടിക്കാട്ടി വിവാഹം അസാധുവാക്കുകയായിരുന്നു.
Discussion about this post