തിരുവനന്തപുരം: കേരളത്തിലെ മത പരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന തന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അന്തിമവിധി പോസിറ്റീവ് ആയിരിക്കുമെന്ന് നിമിഷയെന്ന ഫാത്തിമയുടെ മാതാവ് ബിന്ദു. തന്റെ കേസ് സുപ്രീം കോടതി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
അന്യ മതത്തില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നില്ല. അന്വേഷണ ഏജന്‍സികളില്‍ നിന്ന് നീതി കിട്ടാത്തതിനാലാണ് താന്‍ സുപ്രീംകോടതിയെ സമീപിച്ചത്. മതം മാറ്റത്തെ എതിര്‍ക്കുന്നില്ല. മതം മാറ്റത്തിന് പിന്നിലെ ഗൂഡ ശ്രമങ്ങളാണ് പുറത്ത് വരേണ്ടത്. കോടതിയ്ക്ക് മാതാപിതാക്കളുടെ ആശങ്ക മനസിലാകുമെന്നുമാണ് പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു.
നാടുകടത്തപ്പെടുന്ന കുട്ടികളുടെ അവസ്ഥയാണ് അന്വേഷിയ്‌ക്കേണ്ടത്. എന്നാല്‍ തന്റെ മകളെ മതം മാറ്റിയ ആളെക്കുറിച്ച് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. സജാദി റഹ്മാന്‍ എന്നയാളാണ് തന്റെ മകളെ മതം മാറ്റിയതെന്നും ബിന്ദു പറഞ്ഞു.
എന്നാല്‍, വിവാഹം കഴിക്കുന്നവന് മാതാപിതാക്കളും സ്വന്തമായ ഐഡന്റിറ്റിയും ഉണ്ടായിരിക്കണം. ഇന്നലെ കണ്ട ഒരാളെ ഇന്ന് വിവാഹം കഴിക്കുന്നതിനെ പ്രേമമെന്ന് പറയാനാവില്ല. മാതാപിതാക്കള്‍ക്കൊപ്പം വന്ന് പെണ്ണ് ചോദിച്ചാല്‍ ഏതൊരാളും മകളെ വിവാഹം കഴിച്ചു നല്‍കാന്‍ തയാറാകും. അല്ലാതെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനെ ഭയപ്പാടിലൂടെയാണ് കാണുന്നതെന്നും ബിന്ദു പറഞ്ഞു.
കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു ഹര്‍ജി നല്‍കിയത്. മതംമാറിയ ശേഷം നിമിഷ അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നാണ് മണക്കാട് സ്വദേശിനിയായ ബിന്ദു പറയുന്നത്. നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയതാണെന്നും കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post