കൊല്ലം: സോളാര്‍ കേസില്‍ ഇടതുമുന്നണി എംഎല്‍എയായ കെബി ഗണേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡിജിപിക്ക് കത്തുനല്‍കി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് ഡിജിപിക്ക് കത്തുനല്‍കിയിരിക്കുന്നത്. സോളാര്‍ കേസില്‍ തുടക്കം മുതല്‍ ആരോപണവിധേയനായ ഗണേഷ് കുമാറിനെ ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുകയാണെന്നും കേസില്‍ ഗണേഷിനുള്ള പങ്ക് പുറത്തുകൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സോളാര്‍ കമ്പനിയുടെ ഉടമ ഗണേഷാണെന്നും ഇതുസംബന്ധിച്ച് എല്ലാ വിഷയങ്ങളിലും ഗണേഷിന് പങ്കുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷിച്ചാല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. ജയിലില്‍ നിന്നും സരിത എഴുതിയെന്ന് പറയുന്ന കത്ത് പുറത്ത് എത്തിച്ചതിന്റെയും ജയില്‍ മോചിതയായ സരിതയെ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാറി മാറി താമസിപ്പിച്ചതിന്റെയും പിന്നില്‍ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡ്രൈവര്‍മാരായിരുന്ന രണ്ട് പേരുടെ ദുരൂഹമരണത്തിന്റെ നിജസ്ഥിതി അറിയാനും അന്വേഷണം ആവശ്യമാണ്.
ഇടതുമുന്നണിയുടെ സഹയാത്രികന്‍ ആയതിന്റെ പേരില്‍ ഗണേഷ് കുമാറിനെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കുന്നത് നീതിയല്ല. രശ്മി കൊലക്കേസില്‍ ഉള്‍പ്പെട്ട ബിജു രാധാകൃഷ്ണനെ രക്ഷിക്കുന്നതിന് കൊട്ടാരക്കര എംഎല്‍എ അയിഷ പോറ്റി ശ്രമം നടത്തിയെന്ന ആരോപണവും അന്വേഷിക്കണം. കത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post