തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നതിനെ എതിര്‍ത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തെ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. സെന്‍കുമാറിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്ന ശേഷം നിയമനം മതിയെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സുപ്രിം കോടതി തീരുമാനം എടുത്തതിനാല്‍ മറ്റൊന്നും ചെയ്യാനാവില്ല എന്ന് കേന്ദ്രം അറിയിച്ചു. സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെന്ന് പറയുന്ന കേസുകള്‍ അവസാനിച്ചാല്‍ ഇത് സംബന്ധിച്ച് വിശദമായി പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നിലപാട്. സെന്‍കുമാറിന്റെ നിയമനത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
കെഎടിയിലേക്ക് സെന്‍കുമാറിന്റെ നിയമനം തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ കരിനിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. നിയമനം വൈകുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയപ്പോഴും സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിയമനത്തെ എതിര്‍ത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നും അവധിയെടുക്കാന്‍ വ്യാജരേഖ ചമച്ചുംവെന്നും മറ്റും ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് സുപ്രിം കോടതി തീരുമാനം എടുത്തത്. സുപ്രിം കോടതി തീരുമാനം എടുത്തതിനാല്‍ മറ്റൊന്നും ചെയ്യാനാവില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
2016 ഓഗസ്റ്റിലാണ് കെഎടിയിലെ രണ്ടംഗ ഒഴിവില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് സമതി സോമസുന്ദരത്തിന്റേയും ടി പി സെന്‍കുമാറിന്റേയും പേര് ശുപാര്‍ശ ചെയ്തു. മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടപ്പ് വിഫലമാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ടിപി സെന്‍കുമാറിനെതിരെ ഇടത്സര്‍ക്കാര്‍ പകപോക്കല്‍ നടത്തുകയാണെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്.
Discussion about this post